കൊല്ലത്തു നിന്ന് മന്ത്രിമാര്‍: ഇടതു നേതൃത്വത്തിനും ആശങ്ക
കൊല്ലം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭയില്‍ കൊല്ലത്തു നിന്നും ആരൊക്കെ അംഗങ്ങളാകുമെന്ന കാര്യത്തില്‍ മുന്നണി ജില്ലാ നേതൃത്വത്തിനും ആശങ്കയാണ്. ആകെയുള്ള പതിനൊന്നു സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തതോടെ കൊല്ലത്തുനിന്നും മതിയായ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അഞ്ചുതവണ മത്സരിക്കുകയും മുന്നാമതും എം.എല്‍.എയായ ജെ.മേഴ്‌സിക്കുട്ടിയമ്മ, തുടര്‍ച്ചയായി മൂന്നാമതും കൊട്ടാരക്കരയില്‍ നിന്നും വിജയിച്ച അയിഷാപോറ്റി എന്നിവരിലൊരാള്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള മേഴ്‌സിക്കുട്ടിയമ്മ സി.പി.എം സംസ്ഥാന സമിതിയംഗവും സി.ഐ.ടി.യു നേതാവുമാണ്. പോരെങ്കില്‍ വി.എസിന്റെ അടുത്ത വിശ്വസ്തയുമാണ്. മുകേഷ്(കൊല്ലം),നൗഷാദ്(ഇരവിപുരം)എന്നിവരാണ് ജില്ലയില്‍ നിന്നും വിജയിച്ച മറ്റു സി.പി.എം അംഗങ്ങള്‍. പിണറായിക്കും എം.എ ബേബിക്കും താല്‍പ്പര്യമുള്ള മുകേഷിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. നാലുപേരാണ് സി.പി.ഐക്കു ജില്ലയില്‍ നിന്നും നിയമസഭയിലേക്കെത്തിയത്. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍(ചടയമംഗലം),കെ.രാജു(പുനലൂര്‍),ആര്‍.രാമചന്ദ്രന്‍(കരുനാഗപ്പള്ളി),ജി.എസ്.ജയലാല്‍(ചാത്തന്നൂര്‍)എന്നിരാണ് സി.പി.ഐയില്‍നിന്നും വിജയിച്ചവര്‍. ഇവരില്‍ മുല്ലക്കര,രാജു എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രാമചന്ദ്രന്റെ പേരും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഇടതുമന്ത്രിസഭയില്‍ സി.പി.ഐ മന്ത്രിമാരെല്ലാം ഈഴവ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ഇത്തവണ അതിനു മാറ്റം വേണമെന്ന അഭിപ്രായത്തിനനുസരിച്ചു നായര്‍ സമുദായത്തില്‍പ്പെടുന്ന ആര്‍.രാമചന്ദ്രന്റെപേരും പരിഗണനയിലുണ്ട്. ഇടതുമുന്നണിയില്‍ അംഗമല്ലാത്ത ഒറ്റ എം.എല്‍.എമാരുള്ള കെ.ബി ഗണേഷ്‌കുമാര്‍,കോവൂര്‍ കുഞ്ഞുമോന്‍,എന്‍.വിജയന്‍പിള്ള എന്നിവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍,ചീഫ് വിപ്പ് എന്നിവ ജനതാദള്‍,എന്‍.സി.പി കക്ഷികള്‍ക്കു നല്‍കാനും നീക്കമുണ്ട്. എന്നാല്‍ ഡെപ്യൂട്ടീ സ്പീക്കര്‍ പദവി ആര്‍.എസ്.പി ലെനിനിസ്റ്റു നേതാവ് കോവൂര്‍ കുഞ്ഞുമോനു നല്‍കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."