വിവിധ പദ്ധതികള്‍ക്ക് തുടക്കമായി
കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഇന്ന് നടക്കുന്ന ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ ആറിന കര്‍മ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പെരിഞ്ഞനോര്‍ജ്ജമെന്ന പദ്ധതിയാണ് ഇതില്‍ പ്രഥമ പരിപാടി. സോളാര്‍ ഏജന്‍സി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സബ്‌സിഡിയോടു കൂടി ഗ്രാമപഞ്ചായത്തില്‍ മേല്‍ക്കൂരകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബിയിലേക്ക് ഗ്രിഡ് ചെയ്യുന്നതാണ് പെരിഞ്ഞനോര്‍ജ്ജം പദ്ധതി.
500 കെ.ഡബ്ല്യൂ വൈദ്യുതി എസ്.ഇ.സി.ഐയുടെ അംഗീകൃത നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പണവും പ്രവര്‍ത്തനോദ്ഘാടനവും ഒന്നാം വാര്‍ഷികത്തില്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ബി.ജി വിഷ്ണു നിര്‍വഹിക്കും. 2017 മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യം. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയാണ് മറ്റൊരു പദ്ധതി. 2003 കേരള പഞ്ചായത്ത് രാജ് ( ദുരിതാശ്വാസ നിധി രൂപകരണവും വിനിയോഗവും) ചട്ടങ്ങള്‍ 1622003 പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണിത്.
പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്‌നിബാധ, കൊടുങ്കാറ്റ്, കടലാക്രമണം, അത്യാഹിതം, മാറാരോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിത നിവാരണാര്‍ഥം അടിയന്തര സഹായം നല്‍കുന്നതിനായി പെരിഞ്ഞനം പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം സമാഹരിച്ച് അര്‍ഹരായവരെ സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷത്തില്‍ മുന്‍ വടക്കാഞ്ചേരി എം.എല്‍.എ എന്‍.ആര്‍ ബാലന്‍ നിര്‍വഹിക്കും.
ക്ലീന്‍ പെരിഞ്ഞനമാണ് മറ്റു പദ്ധതി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടേയുംഇരു വശങ്ങളും വൃത്തിയാക്കി പൂച്ചെടികള്‍ നട്ടു പരിപാലിച്ച് സൗന്ദര്യ വല്‍ക്കരിക്കുന്ന പദ്ധതിയാണിത്.
വി.കെ ഗോപാലന്‍ റോഡ് മാതൃകാ റോഡ് ആക്കുന്ന ആദ്യ പദ്ധതിയുടെ ഉദ്ഘാടനം മതിലകം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി നിര്‍വഹിക്കും. നല്ല കൃഷി സമ്പ്രദായ രീതിയാണ് മറ്റൊന്ന്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്ത് പ്രകൃതിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവന്ന് ജൈവഭൂമിയെ സൃഷ്ടിച്ച് പൂര്‍ണമായും ജൈവ കൃഷിയിടങ്ങള്‍ സൃഷടിക്കുന്ന പദ്ധതിയാണിത്. വാര്‍ഷികാഘോഷ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ഒമ്പത് സ്‌കൂളിലേയും കുട്ടികളില്‍ അക്ഷരം ഉറപ്പിക്കുന്ന പദ്ധതിയാണ് അക്ഷരജ്ഞാനം. മുന്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം അഹമ്മദ് പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിക്കും. സുനാമി വീടുകളുടെ വിതരണമാണ് ആറാമത്തെ പദ്ധതി.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള സുനാമി വീടുകളില്‍ 19 വീടുകള്‍ അര്‍ഹരായ പാവപ്പെട്ട പുതിയ ആളുകള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരിഞ്ഞനം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അറുമുഖന്‍ ചടങ്ങില്‍ നിര്‍വഹിക്കും.
കൂടാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പെട്രോള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും ശുചിത്വ രംഗത്ത് മാതൃകയാവുകയാണിന്ന്. വൈകീട്ട് നാലിന് പെരിഞ്ഞനം ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."