കളമശ്ശേരി സബ് ട്രഷറി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല
കളമശ്ശേരി: കളമശ്ശേരിയില്‍ അനുവദിച്ച സബ്ട്രഷറിയുടെ പ്രവര്‍ത്തനം ഇനിയും തുടങ്ങിയിട്ടില്ല. കംപ്യൂട്ടര്‍ സിസ്റ്റം നടപ്പാക്കാത്തതിനാലാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തത്.കംപ്യൂട്ടര്‍ സിസ്റ്റം നടപ്പാക്കുന്നതിന് ഏപ്രില്‍ 13ന് ധനവകുപ്പ് 5,29,615.13രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കംപ്യൂട്ടര്‍ വാങ്ങാനുള്ള നടപടിയൊന്നും ഇതേവരെ ആയിട്ടില്ല. ഡയറക്ടര്‍ ഓഫ് ട്രഷറീസും ധനകാര്യ വകുപ്പുമായി സഹകരിച്ച് കംപ്യൂട്ടര്‍ വാങ്ങി പ്രവര്‍ത്തനക്ഷമമാക്കുകയാണ് വേണ്ടത്.
കംപ്യൂട്ടര്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കേണ്ടത് ജില്ല കലക്ടറേററിലെ പര്‍ച്ചേസിംഗ് കമ്മിറ്റിയാണ്. ഈ കമ്മിറ്റി കൂടി കംപ്യൂട്ടര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ പററുന്നില്ല. കംപ്യൂട്ടര്‍ വാങ്ങിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുംവിധം പത്തടിപ്പാലത്തെ സബ് ട്രഷറി ഓഫീസില്‍ മറെറല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2013ലാണ് സബ്ട്രഷറി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരാവയത്. എം.എല്‍.എ ഇബ്രാഹിം കുഞ്ഞ് പ്രത്യേക താല്‍പ്പര്യമെടുത്താണ് കളമശ്ശേരിയില്‍ സബ്ട്രഷറി അനുവദിപ്പിച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പത്തടിപ്പാലത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ 2016 ഫെബ്രുവരിയില്‍ സബ്ട്രഷറി ഓഫീസ് ഉദ്ഘാടനം ചെയ്തത്. 2016 മാര്‍ച്ച് നാലിന് സബ് ട്രഷറി ഓഫീസറെ നിയമിച്ചു. അദ്ദേഹം ഈ ഓഫീസിലെത്തി ചുമതലയേററിട്ട് മാസങ്ങളായി. അതേപോലെ ഈ ഓഫീസിലേക്ക് ആവശ്യമായ ജീവനക്കാരെയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ പ്രവര്‍ത്തന ക്ഷമമായാല്‍ അവരും ചുമതലയേല്‍ക്കും.ട്രഷറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ അത് എറണാകുളം ജില്ലയിലെ ഏററവും വലിയ ട്രഷറിയായിരിക്കും. സബ് ട്രഷറിയുടെ അധികാര പരിധി 2014 ജനുവരി 13ന് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചു. ഇതനുസരിച്ച് കളമശ്ശേരി, ഏലൂര്‍ നഗരസഭകളും ചൂര്‍ണ്ണിക്കര, വരാപ്പുഴ, മുളവുകാട്, കടമക്കുടി, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമാണ് അധികാര പരിധിയില്‍ വരുന്നത്.
ഇപ്പോള്‍ ഇവിടത്തുകാര്‍ ട്രഷറി ആവശ്യങ്ങള്‍ക്കായി എറണാകുളം ആലുവ കാക്കനാട് ട്രഷറികളെയാണ് ആശ്രയിക്കുന്നത്.
ഈ ട്രഷറി തുടങ്ങാത്തതിനാല്‍ പ്രധാനമായും 3000 ത്തോളം സര്‍വീസ് പെന്‍ഷന്‍കാരാണ് ഏറെ കഷ്ടപ്പെടുന്നത്. ഇക്കൂട്ടര്‍ക്ക് മറ്റു ട്രഷറികളില്‍ പോയി ഇടപാടുകള്‍ നടത്തുമ്പോള്‍ സമയ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. ഈ ട്രഷറിയോടൊപ്പം അനുവദിച്ച വയനാട് ജില്ലയിലെ നടവയലും കോഴിക്കോട് ജില്ലയിലെ കുരിച്ചുണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് മാസങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."