വിദ്യാപോഷണം പോഷക സമൃദ്ധം പദ്ധതി പതിനാലാം വര്‍ഷത്തിലേക്ക്
മട്ടാഞ്ചേരി: സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാധനം പോഷക സമൃദ്ധം പദ്ധതി പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.ഈ വര്‍ഷം അരക്കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.എറണാകുളം ലോക് സഭ മണ്ഡലത്തിലെ 141 വിദ്യാലയങ്ങളിലെ നാല്‍പ്പതിനായിരം വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയുടെ ഗുണം ലഭിക്കുക.സര്‍ക്കാര്‍ ഭക്ഷണത്തിന് പുറമേ പോഷകാഹാരം നല്‍കുന്നതിന് പ്രത്യേക സഹായം നല്‍കുന്നതാണ് പദ്ധതി.
പതിമൂന്ന് വര്‍ഷം മുമ്പ് ഒരു സ്‌ക്കൂളില്‍ തുടങ്ങിയ പദ്ധതി ഈ വര്‍ഷം 141 സ്‌ക്കൂളിലേക്ക് വ്യാപിപ്പിച്ചത്.അധ്യാപക രക്ഷാകര്‍തൃ സംഘടനകളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമാണ് പദ്ധതി നടന്ന് വരുന്നത്.പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങളിലെ പാഠ്യ നിലവാരം മെച്ചപ്പെടുകയും ഹാജര്‍ നില ഉയരുകയും ചെയ്തിട്ടുണ്ടെന്ന് കെ.വി.തോമസ് എം.പി.പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ക്കുള്ള ചെക്കുകള്‍ അടുത്ത മാസം രണ്ടിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പള്ളുരുത്തി എസ്.ഡി.പി.വൈ.സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിതരണം ചെയ്യും.കേന്ദ്ര സംസ്ഥാന പൊതു മേഖല സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതിക്കുള്ള വിഭവ സമാഹരണം നടത്തുന്നത്.പദ്ധതി സുതാര്യമായാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഓരോ വര്‍ഷത്തേയും കണക്കുകള്‍ ട്രസ്റ്റ് പരിശോധിക്കും.വിദ്യാലയങ്ങളില്‍ പരിശോധനയും നടത്തും.പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇറച്ചി,മീന്‍,മുട്ട,പാല്‍,ആരോഗ്യ പാനീയങ്ങള്‍,ഇലക്കറികള്‍,പഴവര്‍ഗ്ഗങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്.പദ്ധതി നടപ്പാക്കിയ വിദ്യാലയങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ക്ലാസുകളും സംഘടിപ്പിക്കും.ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുകയാണ് അടുത്ത ലക്ഷ്യമെന്ന് കെ.വി.തോമസ് പറഞ്ഞു.
ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിജ്ഞാന വീഥി പദ്ധതി പ്രകാരം പതിനാല് വിദ്യാലയങ്ങളിലെ പതിനൊന്നാം ക്ലാസിലെ മുവായിരത്തിയഞ്ഞൂറ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാന പ്രദമായ പുസ്തകങ്ങള്‍ അടുത്ത മാസം നല്‍കും.ഓരോ വിദ്യാര്‍ഥിക്കും രണ്ടായിരം രൂപയുടെ പുസ്തകങ്ങളാണ് നല്‍കുക.
വിവിധ വിദ്യഭ്യാസ പ്രോല്‍സാഹന പദ്ധതി പ്രകാരം ഈ വര്‍ഷം ട്രസ്റ്റ് ഒന്നരക്കോടി രൂപ ചിലവഴിക്കുമെന്ന് കെ.വി.തോമസ് വ്യക്തമാക്കി.വിദ്യാധനം പദ്ധതി പ്രകാരം ആയിരം വിദ്യാര്‍ഥികള്‍ക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഇതിനകം നല്‍കി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."