റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്കു തുടക്കമായി
അഖില്‍ ഷാ
കഠിനംകുളം: പുതിയ ദൂരവും ഉയരവും വേഗവും തേടി കൗമാരം കുതിപ്പ് തുടങ്ങി.
കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയത്തില്‍ ആരംഭിച്ച തിരുവനന്തപുരം ജില്ലാ സ്കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തില്‍ നെയ്യാറ്റിന്‍കര ഉപജില്ലയുടെ മുന്നേറ്റം. എട്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് നെയ്യാറ്റിന്‍കരയുടെ മെഡല്‍ ബാസ്ക്കറ്റില് എത്തിയത്. 79 പോയിന്റാണ് നെയ്യാറ്റിന്‍കരയുടെ സമ്പാദ്യം. നിലവിലെ ഓവറോള്‍ ചാംപ്യന്മാരായ തുരുവനന്തപുരം നോര്‍ത്ത് 71 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണവും, എഴ് വെള്ളിയും നാല് വെങ്കലവുമാണ് നോര്‍ത്തിന്റെ സമ്പാദ്യം. ഓരോ സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവും നേടിയ പാറശാലയാണ് 15 പോയിന്റോടെ മൂന്നാം സ്ഥാനത്ത്.
സ്കൂള്‍ വിഭാഗത്തില്‍ ആദ്യദിനത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 17 പോയിന്റ് നേടിയ തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സും 16 പോയിന്റുമായി അരുമാനൂര്‍ എം.വി.എച്ച്.എസ്.എസും ചാംപ്യന്‍ഷിപ്പ് നേടാനുള്ള പോരാട്ടത്തിലാണ്. ഒരു സ്വര്‍ണവും നാല് വെള്ളിയുമാണ് ഹോളി എയ്ഞ്ചല്‍സിന്റെ മെഡല്‍ നേട്ടം. അരുമാനൂര്‍ എം.വി.എച്ച്.എസ്.എസ് മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി. രണ്ട് സ്വര്‍ണവും ഒരോ വെള്ളിയും വെങ്കലവും നേടിയ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസാണ് 14 പോയിന്റോടെ മൂന്നാം സ്ഥാനത്ത്.
ഒന്നാം ദിത്തില്‍ 38 ഫൈനലുകള്‍ പൂര്‍ത്തിയായി. സീനിയര്‍ ജൂനിയര്‍ വിഭാഗത്തിന്റെ 5, 3 കിലോമീറ്റര്‍ നടത്ത മത്സരങ്ങള്‍ ഇന്ന് രാവിലെ 8 ന് ആരംഭിക്കും. 400 മീറ്റര്‍, ഡിസ്ക്കസ് ത്രോ, ഹാമര്‍ ത്രോ, പോള്‍വോള്‍ട്ട്, ട്രിപ്പിള്‍ ജമ്പ് 4ഃ400 മീറ്റര്‍ റിലേ ഉള്‍പ്പെടെ ഫൈനലുകള്‍ ഇന്ന് നടക്കും. മേയര്‍ വി.കെ പ്രശാന്ത് കായികമേള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്മോന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."