കൊട്ടാരക്കരയ്ക്ക് മന്ത്രിയോ; സ്പീക്കറോ ചോദ്യങ്ങളുയര്‍ത്തി നാട്ടുകാരും പ്രവര്‍ത്തകരും
കൊട്ടാരക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും തകര്‍പ്പന്‍ വിജയം നേടിയ അയിഷാപോറ്റി മന്ത്രിയാകുമോ സ്പീക്കറാകുമോ എന്നാണ് പ്രധാന ചാര്‍ച്ചാവിഷയം. ഏതെങ്കിലും ഒരു അംഗീകാരം അവര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചതുകൊണ്ടാണ് സ്പീക്കറാകുമോയെന്ന ചോദ്യം ഉയരുന്നത്. സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ നിന്നും എന്‍. ശക്തന്‍ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നേരിടാന്‍ എല്‍.ഡി.എഫ് നിയോഗിച്ചിരുന്നത് അയിഷാപോറ്റിയെയായിരുന്നു. വീണ്ടും അതേ പദവിയിലേക്ക് അവരെ പരിഗണിച്ചേക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം. ഓരോ തവണയും ഭൂരിപക്ഷം ഇരട്ടിയാക്കി വിജയിച്ചുവരുന്ന അയിഷാപോറ്റി മന്ത്രിയായി കാണാനാണ് നാട്ടുകാരുടെ ആഗ്രഹം. പതിനായിരത്തിന് മുകളിലും ഇരുപതിനായിരത്തിന് മുകളിലും നാല്‍പതിനായിരത്തിനും മുകളിലുമായിരുന്നു ഓരോ തവണയും അവരുടെ ഭൂരിപക്ഷം.
മന്ത്രിസഭയിലെത്താന്‍ അയിഷാപോറ്റിക്കു മുന്നില്‍ കടമ്പകളുണ്ട്. സാധാരണ ഗതിയില്‍ മന്ത്രിസഭയില്‍ ഒരു വനിതയെ മാത്രമാണ് ഉള്‍പ്പെടുത്തുക. ജില്ലയില്‍ നിന്നും പരിഗണിക്കപ്പെടുന്ന പ്രഥമപേര് മേഴ്‌സികുട്ടിയമ്മയുടെതായിരിക്കും. അതുകൊണ്ടുതന്നെ അയിഷാ പോറ്റിയുടെ മന്ത്രി സ്ഥാനത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് അയിഷാപോറ്റിയെ സ്പീക്കര്‍ ആക്കുമോ എന്ന ചോദ്യം താഴെതട്ടില്‍നിന്നും ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."