ഇടുക്കി പദ്ധതി: സമഗ്ര നവീകരണത്തിന് ആവശ്യമേറുന്നു
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ അടിക്കടിയുണ്ടാകുന്ന തകരാറുകള്‍ വിരല്‍ ചൂണ്ടുന്നതു സമഗ്ര നവീകരണ ആവശ്യകതയിലേയ്ക്ക്. മൂലമറ്റം പവര്‍ ഹൗസിലെ മൂന്നാംനമ്പര്‍ ജനറേറ്ററിലെ സ്‌ഫെറിക്കല്‍ വാല്‍വുമായി ബന്ധപ്പെട്ടു ശനിയാഴ്ചയുണ്ടായ തകരാറാണ് ഒടുവിലുണ്ടായ പ്രശ്‌നം. പവര്‍ ഹൗസിലെ മൂന്നു ജനറേറ്ററുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ 20 ദിവസമെങ്കിലും വേണമെന്നാണ് ഇന്നലെ പവര്‍ ഹൗസ് സന്ദര്‍ശിച്ച വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞത്.
പദ്ധതിയുടെ ആദ്യഘട്ട ജനറേറ്ററുകളുടെ നവീകരണം സംബന്ധിച്ചു വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അവഗണിക്കുകയാണു കെ.എസ്.ഇ.ബി. സാങ്കേതികമായി കാലഹരണപ്പെട്ട ഒന്നാംഘട്ടത്തിലെ മൂന്നു ജനറേറ്ററുകളുടെ സമഗ്ര നവീകരണമാണ് ആവശ്യമായിട്ടുള്ളത്. ജനറേറ്റര്‍, ടര്‍ബൈന്‍, പവര്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവ പൂര്‍ണമായും മാറ്റിസ്ഥാപിച്ചെങ്കില്‍ മാത്രമേ പവര്‍ ഹൗസിനു പൂര്‍ണശേഷി വീണ്ടെടുക്കാനാകൂ എന്നാണു വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ച്‌യാര്‍ഡ് യന്ത്രസാമഗ്രികള്‍, ഗവേണറുകള്‍, എക്‌സൈറ്റര്‍ എന്നിവ മാത്രം നവീകരിക്കാനാണ് ഇപ്പോള്‍ ബോര്‍ഡ് തീരുമാനം. ഇതിനായി അല്‍സ്‌റ്റോം കമ്പനിയ്ക്ക് 47.84 കോടി രൂപയ്ക്കു കെ.എസ്.ഇ.ബി കരാര്‍ നല്‍കിക്കഴിഞ്ഞു.
ആദ്യഘട്ട ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും സാങ്കേതികമായി കാലഹരണപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടുക്കി പദ്ധതി ഷട്ട്ഡൗണ്‍ ചെയ്താല്‍ കേരളം ഇരുട്ടിലാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ മൂന്നു ജനറേറ്ററുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍തന്നെ 390 മെഗാവാട്ടിന്റെ കുറവാണു സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ പീക്ക്‌ലോഡ് ആവശ്യം നിര്‍വഹിക്കുന്നത് ഇടുക്കി പദ്ധതിയാണ്. വൈകിട്ട് ആറു മുതല്‍ 10 വരെ കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിന് ഇടുക്കി പദ്ധതിയുടെ സേവനം കൂടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ വന്‍വില നല്‍കി വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടിവരും. ഭാഗീക നവീകരണമാണെങ്കില്‍ വലിയ പരുക്ക് കൂടാതെ തത്ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാനാകുമെന്നാണു വൈദ്യുതി ബോര്‍ഡ് വിലയിരുത്തല്‍.
തന്നെയുമല്ല സമഗ്ര നവീകരണത്തിന് 600 കോടി രൂപയിലധികം വേണ്ടിയും വരും. വരുന്നിടത്തുവെച്ച് കാണാം എന്നാണ് ഇതുസംബന്ധിച്ച് മന്ത്രി എം.എം.മണി ഇന്നലെ പ്രതികരിച്ചത്.
1976 ഫെബ്രുവരി 16 നാണ് ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു ജനറേറ്ററുകള്‍ വീതം രണ്ടു ഘട്ടങ്ങളിലായാണു സ്ഥാപിച്ചത്. ഒരോ ജനറേറ്ററുകള്‍ക്കും പദ്ധതിയുടെ നിര്‍മാതാക്കളായ കനേഡിയന്‍ വിദഗ്ധര്‍ കണക്കാക്കിയ പരമാവധി ആയുസ് രണ്ടുലക്ഷം മണിക്കൂറാണ്. എന്നാല്‍ ഇതിനകം എല്ലാ ജനറേറ്ററുകളും മൂന്നു ലക്ഷം മണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. 25 വര്‍ഷത്തെ കാലാവധിയാണു കമ്പനി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ചു ജനറേറ്ററുകളുടെ കാലാവധി കഴിഞ്ഞിട്ട് 15 വര്‍ഷമായി. ജനറേറ്റുകളുടെയും ഇന്‍ടേക്ക്‌ഗേറ്റ്, ബട്ടര്‍ഫ്‌ളൈ വാല്‍വ് തുടങ്ങിയ സംവിധാനങ്ങളുടെയും സ്ഥിതി അതീവഗുരുതരമാണ്.
2002ല്‍ വൈദ്യുതി ബോര്‍ഡിലെ ഓഫിസേഴ്‌സ് അസോസിയേഷനും 2003 ല്‍ വിദഗ്ധ സമിതിയും ജനറേറ്ററുകളുടെ കാലപ്പഴക്കം സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. 2000ത്തിനു ശേഷം ജനറേറ്ററുകള്‍ തകരാറിലാകുന്നതു പതിവാണ്.
വെല്‍ഡ് ചെയ്താണ് ഇപ്പോള്‍ പല റണ്ണറുകളും നിലനിര്‍ത്തുന്നത്. 2010 ജൂണ്‍ 20നുണ്ടായ പൊട്ടിത്തെറിയില്‍ ഒരു വനിതാ എന്‍ജിനീയറടക്കം രണ്ട് ഉദ്യോഗസ്ഥരുടെ ജീവന്‍ പൊലിഞ്ഞതിനുപുറമെ വന്‍ സാമ്പത്തിക നഷ്ടവുമുണ്ടായി. അമിത ലോഡ് മൂലം ജനറേറ്ററുകള്‍ നിലയ്ക്കുന്നതുപതിവാണ്. ഇടുക്കി പദ്ധതിയുടെ മുതല്‍മുടക്ക് ആദ്യ പത്തുവര്‍ഷം കൊണ്ടുതന്നെ സര്‍ക്കാരിനു തിരിച്ചുകിട്ടി. ഒരുയൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വെറും 10 പൈസയാണ് ഇപ്പോഴത്തെ ചെലവ്. പ്രതിവര്‍ഷം 800 കോടി രൂപയാണ് ഇവിടെനിന്നുള്ള വരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."