ഭരണമാറ്റത്തിന് സാധ്യത തെളിഞ്ഞ് കൊണ്ടോട്ടി നഗരസഭ
കൊണ്ടോട്ടി: കോണ്‍ഗ്രസ്- സി.പി.എം മുന്നണി ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ ഭരണമാറ്റത്തിനുളള സാധ്യത തെളിയുന്നു. തദ്ദേശതെരഞ്ഞടുപ്പില്‍ സീറ്റ് തര്‍ക്കത്തെത്തുടര്‍ന്ന് മുസ്ലിംലീഗും കോണ്‍ഗ്രസും വേറിട്ടു മത്സരിക്കുകയായിരുന്നു. സി.പി.എമ്മുമായി ചേര്‍ന്ന കോണ്‍ഗ്രസ് മതേതരവികസന മുന്നണിയായി മത്സരിച്ചാണ് അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പ് ധാരണ പ്രകാരം രണ്ടുവര്‍ഷം കോണ്‍ഗ്രസിനും മൂന്നുവര്‍ഷം സി.പി.എമ്മിനുമാണ് നഗരസഭ ചെയര്മാന് സ്ഥാനം. നിലവില്‍ കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി ചെയര്‍മാനും,സി.പി.എമ്മിലെ കൂനയില്‍ നഫീസ വൈസ് ചെയര്‍പേഴ്സണുമാണ്.
എന്നാല്‍ പുതിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സംവിധാനം ശക്തമാക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഇതോടെ സി.പി.എമ്മുമായി ഭരണത്തില്‍ തുടരാന്‍ കൊണ്ടോട്ടിയിലെ കോണ്‍ഗ്രസിന് കഴിയില്ല. എന്നാല്‍ ആവശ്യഘട്ടത്തില്‍ തങ്ങളോടൊപ്പം നിന്ന ഇടതുപക്ഷത്തെ ഒറ്റയടിക്ക് ഒഴിവാക്കാനും കഴിയില്ല. ഇതേത്തുടര്‍ന്ന് ചെയര്മാന് സ്ഥാനം വച്ചുമാറുന്നതടക്കമുളള കാര്യങ്ങളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. കഴിഞ്ഞ ഒരുവര്‍ഷമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എല്‍.ഡി.എഫിന് കുറച്ചുകാലത്തേക്ക് ചെയര്മാന് സ്ഥാനം നല്കി വൈസ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കും.
പിന്നീട് യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറുന്നതോടെ അവിശ്വാസത്തിലൂടെ ഭരണം അവസാനിപ്പിച്ച് പുതിയ ഭരണമാറ്റത്തിനാണ് കച്ചമുറുക്കുന്നത്. 18 അംഗങ്ങളുളള മുസ്ലിംലീഗിനൊപ്പം കോണ്‍ഗ്രസ് കൂടിചേര്ന്നാല് യു.ഡി.എഫിന് ഭരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."