പാമ്പന്‍കോട്മലയില്‍ മണ്ണെടുക്കല്‍; അധികൃതര്‍ തടഞ്ഞു
തൊട്ടില്‍പ്പാലം: കുടിനീര് കിട്ടാക്കനിയാകവെ നാടെങ്ങും പുഴകളുടെയും മറ്റു ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിനായി ജനങ്ങളും ബന്ധപ്പെട്ട അധികൃതരും മുന്നിട്ടിറങ്ങുമ്പോള്‍ കാവിലുംപാറ പഞ്ചായത്തിലെ പാമ്പന്‍കോട് മലയ്ക്ക് മരണമണി മുഴക്കുകയാണ് ചിലര്‍. പഞ്ചായത്തിലെ പശുക്കടവിനടുത്ത പാമ്പന്‍കോട് മലയിലാണ് അനധികൃതമായ രീതിയില്‍ കുന്നിടിച്ച് നിരപ്പാക്കുന്നത്.
പാമ്പന്‍കോട്, മീന്‍പറ്റി പുഴകളോട് ചേര്‍ന്ന ഭാഗത്താണ് പഞ്ചായത്തിന്റെയോ മറ്റു വകുപ്പധികൃതരുടെയൊ യാതൊരു അനുവാദവുമില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിര്‍ബാധം കുന്നിടിക്കല്‍ നടക്കുന്നത്.
ഒരു മുന്നറിയിപ്പും ഇല്ലാതെ മലയിലേക്ക് മണ്ണുമാന്തിയന്ത്രം പോയത് ശ്രദ്ധയില്‍ പെട്ട സമീപവാസികള്‍ വിവരം ഗ്രാമപഞ്ചായത്തധികൃതരെ അറിയിക്കുകയും ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ജെ.ഡി ബാബു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും കുന്നിടിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് മീന്‍പറ്റി പുഴ. മലയിടിച്ച് നിരപ്പാക്കുന്നതോടെ ഈ ജലസ്രോതസ്സ് നാ മാവശേഷമാകുമെന്നുറപ്പാണ്. അതു കൊണ്ടു തന്നെ പ്രസ്തുത ഭാഗത്തെ ആയിര കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സര്‍ക്കാര്‍ വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ കുന്നാണ് കണ്ണൂര്‍ ലോബി ഇടിച്ചു നിരപ്പാക്കുന്നത്. പശുഫാമിന് വേണ്ടിയാണ് കുന്നിടിക്കുന്നത് എന്നാണ് ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം പുരോഗമിക്കുമ്പോഴാണ് ആളുകള്‍ ക്വാറിയ്ക്ക് വേണ്ടിയാണ് ഇതെന്നു മനസിലാക്കുന്നത്. മണ്ണു മാറ്റിയാല്‍ അടിഭാഗമത്രയും പാറയാണ്.
ഈ പാറ ക്വാറിയാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് പശു ഫാമിന്റെ പേരിലുള്ള കുന്നിടിക്കല്‍ എന്നാണ് ജനങ്ങള്‍ പറയുന്നത്. പാമ്പന്‍കോട് മല ഇല്ലാതാകുന്നതോടെ മലയോര ജനത വന്‍ ഭീഷണിയാണ് ഭാവിയില്‍ നേരിടാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."