സ്‌കൂളുകളിലെ വയറിങ്ങും എര്‍ത്തിങ്ങും നവീകരിക്കാന്‍ നടപടി വരുന്നു
ആയഞ്ചേരി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും വയറിങ്ങും എര്‍ത്തിങ്ങും നവീകരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വരുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ പരിശോധന നടത്തി കെ.എസ്.ഇ.ബി അധികൃതര്‍ ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങി. ആലുവ ടൗണ്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയില്‍ വരുന്ന ഒരു വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് എര്‍ത്ത് പൈപ്പില്‍ നിന്ന് ഷോക്കേറ്റ് പൊള്ളലുണ്ടായ പശ്ചാത്തലത്തിലാണ് വൈദ്യുതി ബോര്‍ഡ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പല സ്‌കൂളുകളിലും പഴയ വയറിങ്ങാണ് ഇപ്പോഴും നിലവിലുള്ളത്. ഇതു വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് വയറിങ്ങും എര്‍ത്തിങ്ങും നവീകരിക്കാന്‍ ഊര്‍ജ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ബന്ധപ്പെട്ട കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എര്‍ത്ത് ഉണ്ടാകുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന ഓട്ടോമാറ്റിക്ക് സംവിധാനമായ ഇ.എല്‍.സി.ബി സ്ഥാപിക്കാനും വൈദ്യുതി ലീക്കേജിനെ പ്രതിരോധിക്കാനുള്ള എര്‍ത്തിങ് സംവിധാനം കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്.
എര്‍ത്ത് പൈപ്പ് ഐ.എസ്.ഐ മുദ്രയുള്ളതാണെന്ന് ഉറപ്പുവരുത്താനും അപകടം വരാത്ത വിധം അത് തറനിരപ്പില്‍ നിന്ന് താഴ്ത്തി സ്ഥാപിക്കാനും എര്‍ത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്പ് കമ്പി പി.വി.സ് പൈപ്പിനുള്ളിലൂടെ വലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമുള്ള മെയിന്‍ സ്വിച്ചും മറ്റ് അനുബന്ധസാധനങ്ങളും ഉപയോഗിക്കണം. മൂന്നാഴ്ച സമയപരിധിയില്‍ ആവശ്യമായ നവീകരണ നടപടികള്‍ കൈകൊള്ളാനുള്ള നിര്‍ദേശമാണ് സ്ഥാപന മേധാവികള്‍ക്ക് കെ.എസ്.ഇ.ബി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവീകരണം ഗവ. അംഗീകൃത വയര്‍മാന്റെ മേല്‍നോട്ടത്തിലാകണമെന്നും ശേഷം നിയമ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്നും നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."