കാട്ടാന ശല്യത്തിന് പരിഹാരം; റെയില്‍ ഫെന്‍സിങ് ജില്ലയിലും
മാനന്തവാടി: കാട്ടാനശല്യം തടയുന്നതിനായി റെയില്‍ ഫെന്‍സിങ് ജില്ലയിലും നടപ്പാക്കുന്നു. കര്‍ണാടക വനം വകുപ്പ് നടപ്പാക്കി വിജയിച്ച മാതൃകയുടെ ചുവടു പിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പിന്റെ പദ്ധതിയുടെ പ്രൊപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും പഠനത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം കഴിഞ്ഞ ദിവസം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ കൂടല്‍ക്കടവിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, നഗരസഭ കൗണ്‍സിലര്‍മാരായ ഹരി ചാലിഗദ്ധ, മിനി വിജയന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം സണ്ണി ചാലില്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സാങ്കേതികാനുമതി നല്‍കും. നോര്‍ത്ത് വയനാട്ടില്‍ 64 കിലോമീറ്റര്‍ ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനാണ് പ്രൊപ്പോസല്‍ നല്‍കിയത്. ഇതില്‍ കൂടല്‍ക്കടവ് മുതല്‍ നീര്‍വാരം വരെയുള്ള കാട്ടാനശല്യം രൂക്ഷമായ ആറ് കി.മീ ദൂരം ഫെന്‍സിങ് സ്ഥാപിക്കാനാണ് അനുമതി ലഭിച്ചത്. ഒരു കിലോമീറ്റര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപയാണ് കണക്കാക്കുന്നത്. നിലവില്‍ ഒന്‍പതു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2017 മാര്‍ച്ചിന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 1.2 മീറ്റര്‍ ആഴത്തിലും 2 മീറ്റര്‍ ഉയരത്തിലുമാണ് ഫെന്‍സിങ് സ്ഥാപിക്കുക. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചാണ് റെയില്‍ ട്രാക്ക് സ്ഥാപിക്കുക. പാലക്കാട് നിന്ന് കോഴിക്കോട് വരെ ട്രാക്ക് റെയില്‍വേ എത്തിച്ച് നല്‍കും. അവിടെ നിന്നും നിര്‍മാണം നടക്കേണ്ട സ്ഥലത്ത് എത്തിക്കേണ്ട ചുമതല വനം വകുപ്പിനാണ്. കേരള സര്‍ക്കാരിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 25,000 മെട്രിക് ടണ്‍ റെയില്‍ പാളമാണ് ഒരു കി.മീ ദൂരം നിര്‍മിക്കാന്‍ ആവശ്യമുള്ളത്. വാളയാറില്‍ ഇവ സ്ഥാപിക്കാന്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ നാഗര്‍ ഹോളയില്‍ രണ്ട് വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ 10 കി.മീ ദൂരം റെയില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. ഇതോടെ ഇവിടെ വന്യമൃഗശല്യം കുറഞ്ഞു. ബന്ദിപ്പൂര്‍ മേഖലയിലും അപാകതകള്‍ പരിഹരിച്ച് നടപ്പാക്കിയത് വന്‍ വിജയമായിരുന്നു. വരും വര്‍ഷങ്ങളില്‍ ആനശല്യമുള്ള മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
പ്രമുഖ ആന ശാസ്ത്രജ്ഞനായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.പി.എസ് ഈസ, മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ.എസ് രാജ്, മൂവാറ്റുപുഴ നിര്‍മല കോളജിലെ അസി.പ്രൊഫ. ജിജി കെ ജോസഫ് എന്നിവരടങ്ങിയതാണ് മൂന്നംഗ സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."