ആദിവാസികളിലെ ലഹരിക്കെതിരായുള്ള നടപടികള്‍ ഊര്‍ജിതമാക്കണം
കല്‍പ്പറ്റ: ആദിവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള നിയമസഭാസമിതി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ബി സത്യന്‍ എം.എല്‍.എ ചെയര്‍മാനായിട്ടുള്ള സമിതിയാണ് ജില്ലയില്‍ ആദിവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് അന്വേഷിക്കാന്‍ എത്തിയത്. 2004 മുതല്‍ സമിതിയുടെ മുന്‍പാകെ സമര്‍പ്പിച്ച പരാതികളിലെ തുടര്‍ നടപടികളെക്കുറിച്ച് സമിതിയംഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു.
ആദിവാസി കോളനികളില്‍ കയറി അന്തേവാസികളെ ചൂഷണം ചെയ്യുകയും ലഹരി വസ്തുക്കള്‍ നല്‍കുന്നതുമായ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ അവസാനിപ്പിക്കണം. കോളനികള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് വിഭാഗം ഇതിനകം നടത്തുന്ന ബോധവല്‍ക്കരണങ്ങളുടെ പുരോഗതിയും സമിതി അന്വേഷിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പര്യാപ്തമായ നടപടികള്‍ കാലതാമസമില്ലാതെ നടത്തണമെന്ന് സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ആദിവാസി ഭവന നിര്‍മാണത്തിലെ അഴിമതി, ഭൂമിയില്ലായ്മ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് കൂടുതലായി സമിതിക്ക് മുന്‍പാകെ വന്നത്. ഇവ അടിയന്തിരമായി പരിഹരിക്കാന്‍ സമിതി സര്‍ക്കാരിനേട് ശുപാര്‍ശ ചെയ്യും. ജില്ലയില്‍ വൈദ്യുതി ഇല്ലാത്ത ആദിവാസി കോളനികളുടെ കാര്യത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം നടത്തണം. വൈദ്യുതി നല്‍കാത്തതും കണക്ഷന്‍ വിച്ഛേദിച്ചതുമായ പരാതികളില്‍ കെ.എസ്.ഇ.ബി അധികൃതരോട് സമിതിയംഗങ്ങള്‍ വിശദീകരണം തേടി. ജില്ലയില്‍ പന്ത്രണ്ടായിരത്തോളം ആദിവാസി വീടുകളില്‍ ഇനിയും വൈദ്യുതി എത്താനുള്ളതായി അധികൃതര്‍ സമിതിയെ അറിയിച്ചു. വയറിങ്ങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതാണ് സമയബന്ധിതമായി കണക്ഷന്‍ നല്‍കാനുള്ള താമസമെന്ന് കെ.എസ്.എ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സമിതിയെ ബോധിപ്പിച്ചു.
വയറിങ്ങിനായി അനുവദിക്കുന്ന തുക ഇപ്പോള്‍ ഒരു വീടിന് നാലായിരം രൂപ മാത്രമാണെന്നും ഈ തുക കൊണ്ട് വയറിങ്ങ് പൂര്‍ത്തിയാകില്ലെന്നും പതിനായിരം രൂപ അനുവദിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ജില്ലാ കലക്ടര്‍ മറുപടി നല്‍കി. വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ലക്ഷ്യമിട്ട സമ്പൂര്‍ണ വൈദ്യുതീകരണത്തിന് തിരിച്ചടിയാകും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വയറിങ്ങ് നടത്തി വൈദ്യുതീകരണം പൂര്‍ത്തിയാക്കണമെന്നും സമിതി ഉത്തരവിട്ടു. കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും ലഭിച്ച പരാതിയിന്‍മേല്‍ നടപടി കൈക്കൊണ്ടതായി പട്ടികവര്‍ഗ വികസന വകുപ്പ് സമിതിക്ക് വിശദീകരണം നല്‍കി.
പ്രദേശത്ത് ജലനിധി പദ്ധതി നിലവിലുള്ളതായി കാണിച്ച് ഒട്ടേറെ കോളനികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദിവാസി ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം. അഴിമതി നടത്തുന്നവരെ നടപടിക്ക് വിധേയമാക്കണം. നല്ലൂര്‍നാട് എം.ആര്‍.എസ്സിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് താമസിക്കാനും പഠിക്കാനും കെട്ടിട സൗകര്യം ഇല്ല എന്നപരാതിയില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ കെട്ടിട സൗകര്യം ഉറപ്പുവരുത്തിയതായും ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ചീങ്ങേരി ഫാമിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു സമിതിക്ക് മുന്‍പാകെ വന്ന മറ്റൊരു പരാതി. തൊഴിലാളികള്‍ വര്‍ഷങ്ങളായി ദിവസവേതനാടിസ്ഥാനത്തിലാണ് തൊഴില്‍ ചെയ്യുന്നതെന്നും ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്നും സമിതി അറിയിച്ചു. സൊസൈറ്റി രൂപീകരിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വിയോജിപ്പുണ്ടെന്നും മറ്റുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി.
ആദിവാസികളുടെ സംസ്‌കാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി തയാറാക്കണമെന്നാവശ്യപ്പെട്ട് നീതി വേദി സമര്‍പ്പിച്ച അപേക്ഷയില്‍ പദ്ധതിയെക്കുറിച്ച് രൂപരേഖയുണ്ടാക്കാന്‍ ജില്ലാ വികസന സമിതിയടക്കമുള്ളവരുടെ തീരുമാനത്തിനായി സമിതി നിര്‍ദേശിച്ചു. പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്കായുള്ള മോണിറ്ററിങ്ങ് സമിതി ഇടയ്ക്കിടെ യോഗം ചേര്‍ന്ന് ഇവരുടെ ജീവിത പുരോഗതി അവലോകനം ചെയ്യണം.
ജില്ലയിലെ വിവിധ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള പ്രശ്‌നങ്ങള്‍ സംഘടനാ പ്രതിനിധികള്‍ സമിതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തിലും വിശദമായ റിപ്പോര്‍ട്ട് സമതി ആവശ്യപ്പെട്ടു.
ബി സ്യത്യന്‍ എം.എല്‍.എയോടൊപ്പം സമിതി അംഗങ്ങളും എം.എല്‍.എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, ചിറ്റയം ഗോപകുമാര്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവരുമുണ്ടായിരുന്നു. മുട്ടില്‍ തെറ്റുവടി ആദിവാസി കോളനിയിലും സമിതി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."