നോട്ടു നിരോധനം: നാലാം വാരത്തിലും ദുരിതമൊഴിഞ്ഞില്ല
കാഞ്ഞങ്ങാട്: ആയിരം,അഞ്ഞൂറ് രൂപയുടെ നോട്ടു നിരോധനം വന്ന് നാലാം വാരത്തിലും ജനങ്ങളുടെ ദുരിതമൊഴിഞ്ഞില്ല. നിരോധനം നിലവില്‍ വന്ന് നാലാം വാരത്തിന്റെ തുടക്കമായ ഇന്നലേയും എസ്.ബി.ഐ ഉള്‍പ്പെടെയുള്ള നഗരത്തിലെ ബേങ്ക് ശാഖകളില്‍ അതിരാവിലെ തന്നെ കനത്ത ക്യൂവാണ് രൂപപ്പെട്ടത് . കാഞ്ഞങ്ങാട് എസ്.ബി.ഐ ശാഖയില്‍ രാവിലെ പത്തോടെ ക്യൂവിലെത്തിയത് അഞ്ഞൂറിലധികം ആളുകളാണ്. തുടര്‍ന്ന് പണമെടുക്കാനും, അയക്കാനും എത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തു.
ഉച്ചക്ക് പന്ത്രണ്ടോടെ ഇടപാടുകള്‍ക്ക് വേണ്ടിയെത്തിയ ആളുകളുടെ ആയിരത്തിനടുത്തായി മാറി. അതേ സമയം നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞു. എസ്.ബി.ഐയുടെ നഗരത്തിലുള്ള എ.ടി.എമ്മുകളില്‍ ചിലതില്‍ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമാണ് വിതരണത്തിനുള്ളത്. അതില്‍ താഴെയുള്ള തുകകള്‍ എ.ടി.എമ്മുകളില്‍ എത്തിയിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറ് രൂപ എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാമെന്ന് ആര്‍.ബി.ഐ അധികൃതര്‍ ഉത്തരവിറക്കിയിട്ട് രണ്ടാഴ്ചയായെങ്കിലും ജില്ലയിലും,മംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇപ്പോഴും മുഴുവന്‍ എ.ടി.എമ്മുകളിലും ലഭിക്കുന്നത് രണ്ടായിരം രൂപ മാത്രമാണ്.
എന്നാല്‍ നഗരത്തിലെ എസ്.ബി.ഐയുടെ ശാഖാ കെട്ടിടത്തിലുള്ള എ.ടി.എമ്മിലും ഇന്നലെ പണമില്ല. ഇതേ തുടര്‍ന്ന് എ.ടി.എം കാര്‍ഡ് ബേങ്കിലെ സൈ്വപ് മെഷീനില്‍ രേഖപ്പെടുത്തി പണമെടുക്കാമെന്നു കരുതി വളരെ നേരം ക്യൂവില്‍ നിന്നവരും വെട്ടിലായി. സൈ്വപിങ് മെഷീന്റെ സെര്‍വര്‍ ഡൗണായതോടെ ക്യൂ നിന്ന് തളര്‍ന്നവര്‍ തിരികെ പോകേണ്ട അവസ്ഥയിലായി. ബേങ്കില്‍ നിന്നും നേരിട്ട് പണമെടുക്കണമെങ്കില്‍ അക്കൗണ്ട് ബുക്ക് കയ്യിലുണ്ടെങ്കില്‍ മാത്രമേ എസ്.ബി.ഐയില്‍ നിന്നും പണം നല്‍കുന്നുള്ളൂ. എന്നാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ജനങ്ങള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കാമെന്നു കരുതി വന്നതോടെ അക്കൗണ്ട് ബുക്ക് കൊണ്ട് വന്നിരുന്നില്ല. ഇതോടെയാണ് എ.ടി.എം ഉള്‍പ്പെടെ മൂന്നു വഴികളില്‍ കൂടിയും പണമെടുക്കാനാവാതെ ഒരു വിഭാഗം ആളുകള്‍ വലഞ്ഞത്. അതേ സമയം അതിരാവിലെ തന്നെ ക്യൂവില്‍ നിന്നവര്‍ ഉച്ചയോടെയാണ് ബാങ്കില്‍ നിന്നും പണവുമായി പുറത്തിറങ്ങിയത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും തങ്ങളുടെ പണം പിന്‍വലിക്കാന്‍ മണിക്കൂറുകളോളം സ്ത്രീകളും, വൃദ്ധരും ഉള്‍പ്പെടെയുള്ള ആളുകള്‍ നോട്ടു നിരോധനത്തിന്റെ നാലാം വാരത്തിലും നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. ക്യൂ നിന്ന് വിയര്‍ത്ത് മണിക്കൂറുകള്‍ കഴിഞ്ഞു ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുമായി ആവശ്യ സാധനങ്ങള്‍ വാങ്ങിക്കാനും, ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനും ചില്ലറക്ക് നെട്ടോട്ടം ഓടേണ്ട അവസ്ഥയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."