കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ വിശ്രമമില്ലാതെ പ്രവാസി യുവാക്കള്‍
ഉപ്പള: എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം എന്ന പഴമൊഴിയെ അര്‍ഥവത്താക്കുകയാണ് മംഗല്‍പാടി പഞ്ചായത്തിലെ ഒരു കൂട്ടം പ്രവാസി യുവാക്കള്‍. അന്യം നിന്നുപോയ നാടിന്റെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമം ഏവര്‍ക്കും മാതൃകയാണ്. മംഗല്‍പാടി പഞ്ചായത്ത് പത്താം വാര്‍ഡില്‍ മരുഭൂമിയിലെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്നും വിശ്രമത്തിനായി ആറു മാസത്തെ അവധിക്കെത്തിയ റഫീഖ്, നസീര്‍, ബാസിത്, അന്ത, മുഹമ്മദ്, സക്കരിയ്യ, മുരളി തുടങ്ങി ഏഴോളം ചെറുപ്പക്കാര്‍ ചേര്‍ന്നു നാട്ടില്‍ തരിശായി കിടന്ന വയലില്‍ നെല്‍ കൃഷി ഇറക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ പത്താം വാര്‍ഡ് മീപ്പിരി ഹേരൂര്‍ കളഞ്ചാടി വയലില്‍ മുന്നൂറ് ഹെക്ടര്‍ നെല്‍വയലില്‍ നിന്നും നൂറ്റമ്പതോളം ഹെക്ടര്‍ പാട്ടത്തിനെടുത്ത് കളഞ്ചാടി പാടശേഖര സമിതിയുടെ കീഴിലാണ് ഇവര്‍ കൃഷി ഇറക്കിയത്.
വര്‍ഷങ്ങളായി തരിശായിക്കിടന്നിരുന്ന ഈ ഭൂമിയില്‍ യുവാക്കള്‍ പൊന്ന് വിളയിക്കാനുള്ള ശ്രമത്തിലാണിവര്‍. നിലമൊരുക്കുന്നതു മുതല്‍ കൊയ്യാന്‍ വരെ നേരിട്ട് പാടത്തേക്കിറങ്ങാനും ഒരു മടിയുമില്ല ഇവര്‍ക്ക്. ഭൂരിഭാഗം ജോലികളും സ്വന്തമായിട്ട് ചെയ്യുമെങ്കിലും ഞാറു നടീല്‍, വിത്തു വിതയ്ക്കല്‍ എന്നിവക്കു അനുഭവസ്ഥരായ കൃഷിപ്പണിക്കാരുടെ സഹായം തേടാനും ഇവര്‍ക്കു മടിയില്ല.
കൃഷി അധികൃതരും നാട്ടുകാരും സഹകരിച്ചാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്തേക്കു ഈ കൃഷി വ്യാപിപ്പിക്കാനും ഇവര്‍ തയ്യാറാണ്. കീടങ്ങളെ തുരത്താന്‍ കൃഷി ഓഫിസില്‍ നിന്നും കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ജോലിക്കാരുടെ അഭാവം പരിഹരിക്കാനും ജോലി ഭാരം കുറക്കാനുമായി ട്രാക്ടര്‍ വാങ്ങാന്‍ മംഗല്‍പാടി പഞ്ചായത്ത് ഫണ്ടില്‍ നിന്നും പാഠശേഖര സമിതിക്ക് 12 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. പക്ഷേ ആകെ തുകയുടെ ഇരുപത്തഞ്ച് ശതമാനം കര്‍ഷകര്‍ നേരിട്ടു കെട്ടിവെക്കണമെന്ന സര്‍ക്കാറിന്റെ പുതിയ നിര്‍ദേശമാണ് ഇവരെ ആശങ്കയിലായ്ത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനവും നിയന്ത്രണവും കൃഷി പണിയില്‍ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
സ്ഥിരമായ വേലി സംവിധാനമില്ലാത്തതിനാല്‍ കാട്ടു പന്നികളും പശുക്കളും വയലിലിറങ്ങി കൃഷി നശിപ്പിക്കുകയാണ്. എല്ലാത്തിനും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാറിന്റേയും ബന്ധപ്പെട്ട അധികാരികളുടേയും സഹായം തേടുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."