പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ധനകാര്യവകുപ്പിന്റെ മിന്നല്‍പരിശോധന
കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കോട്ടയം റസ്റ്റ് ഹൗസില്‍ ധനകാര്യ വകുപ്പിന്റെ മിന്നല്‍ പരിശോധന.
ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം എന്‍.ടി.എ വിഭാഗം ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ അനധികൃതമായി മുറികള്‍ കൊടുക്കുന്നതും മറ്റും കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ അറിയാതെ റസ്റ്റ് ഹൗസ് ജീവനക്കാര്‍ നടത്തി വന്നിരുന്ന ഇടപാടുകളാണ് പിടിക്കപ്പെട്ടത്.
പരിശോധനയ്ക്കിടെ മുറികള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് മിക്കവാറും മുറികളില്‍ ആള്‍താമസമുള്ളതായി കാണാന്‍ കഴിഞ്ഞു. കോട്ടയത്ത് നടക്കുന്ന എന്‍ജിഓ അസോസിയേഷന്‍ സമ്മേളനത്തിനെത്തിയവരായിരുന്നു മുറികളില്‍ താമസിച്ചിരുന്നവരില്‍ ഏറെയും. എന്നാല്‍ പല മുറികളും രജിസ്റ്ററില്‍ പേര് ചേര്‍ക്കാതെയാണ് നല്‍കിയിരുന്നത്.
രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മദ്യപാനത്തിനും മറ്റുമായി മുറികള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് സ്ഥിരം പതിവായിരുന്നു ഇവിടെ. റജിസ്റ്ററില്‍ പേര് ചേര്‍ക്കാതെ ആര്‍ക്കും മുറികള്‍ കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. മദ്യപാനം റസ്റ്റ് ഹൗസില്‍ നിരോധിച്ചിട്ടുമുണ്ട്. തങ്ങള്‍ അറിയാതെ മുറികള്‍ വഴിവിട്ട് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പല തവണ മാനേജരെയും ജീവനക്കാരെയും താക്കീത് നല്‍കിയിട്ടുള്ളതായി റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. എന്നിട്ടും പാലിക്കപ്പെടാതെ വന്ന സാഹചര്യത്തില്‍ പല പ്രാവശ്യം റസ്റ്റ് ഹൗസ് മാനേജര്‍ക്ക് മെമ്മോ നല്‍കുകയും ചെയ്തു.
വി.ഐപി മുറികള്‍ ഉള്‍പ്പെടെ റിസര്‍വ്വേഷനായും അല്ലാതെയും അനുവദിക്കുന്ന മുറികളുടെയും കാറ്ററിംഗ്, റൂം വാടക തുടങ്ങിയവയുടെയും 2005 മുതലുള്ള രേഖകള്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും റസ്റ്റ് ഹൗസ് മാനേജരോടും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."