തോട്ടപ്പള്ളി അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണത്തിന് കേന്ദ്ര സഹായം
ആലപ്പുഴ: തോട്ടപ്പള്ളി അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് ഉറപ്പു നല്‍കി. തോട്ടപ്പള്ളി അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറുകളുടെ നവീകരണ പ്രവര്‍ത്തങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി കൃഷി ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2004 ഡിസംബര്‍ നാലിന് നിര്‍മ്മാണോദ്ഘാടാനം ചെയ്തു 2011 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ഫിഷിങ് ഹാര്‍ബര്‍ ആയ തോട്ടപ്പള്ളി ഹാര്‍ബറില്‍ ചുറ്റും മണലടിഞ്ഞു പ്രവര്‍ത്തനം നിലച്ച കാര്യം കെ സി വേണുഗോപാല്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ഇത് പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്ന് പൂനെ ആസ്ഥാനമായിട്ടുള്ള ദേശീയ ജല ഊര്‍ജ ഗവേഷണ കേന്ദ്രം പഠനം നടത്തുകയും 100 മീറ്റര്‍ ചുറ്റളവില്‍ മണല്‍ നീക്കം ചെയ്തു തുറമുഖം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. ഇത് പ്രകാരം പുതുക്കിയ നിര്‍മാണ പദ്ധതിക്ക് 77 .72 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഹാര്‍ബറിലെ ബണ്ട് പുനരുദ്ധാരണവും, ലേല ഹാളിന്റെ നിര്‍മ്മാണവും, മണല്‍ നീക്കം ചെയ്യാനുള്ള സംവിധാനവും, അനുബന്ധ റോഡുകളുടെ നിര്‍മ്മാണവും ആണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനാവശ്യമായ തുകയ്ക്കുള്ള കേന്ദ്ര സഹായം ആവശ്യപ്പെട്ടു സംസ്ഥാന ഫിഷറീസ് മന്ത്രാലായം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയ കാര്യവും കെ സി വേണുഗോപാല്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഇതോടൊപ്പം തന്നെ അര്‍ത്തുങ്കല്‍ ഹാര്‍ബറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും എം പി ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബ റിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി 49 .39 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ ഹാര്‍ബറിലെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം കൂടുതല്‍ തുക ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിഗഗ്ധ സംഘം ഹാര്‍ബ റിന്റെ ഉയരം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 61 .57 കോടി രൂപയുടെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും എം പി മന്ത്രയുടെ ശ്രദ്ധയില്‍ പെടുത്തി. ഈ രണ്ടു പദ്ധതികള്‍ക്കുമുള്ള കേന്ദ്ര സഹായം ഉടന്‍ ലഭ്യമാക്കുമെന്നും, ഫിഷറീസ് മന്ത്രാലയത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സഹായം ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി ഉറപ്പു നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിഷറീസ് സെക്രെട്ടറി ദേവേന്ദ്ര ചൗധരിയുമായും, ജോയിന്റ് സെക്രട്ടറി ആദിത്യ ജോഷിയുമായും കെ സി വേണുഗോപാല്‍ എം പി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."