എഫ്.സി.ഐയില്‍ ചരക്ക് നീക്കം നിലച്ചെന്ന വാര്‍ത്ത വ്യാജം
ആലപ്പുഴ : സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളില്‍നിന്നും വേതന വ്യവസ്ഥകളെ ചൊല്ലി ചരക്ക് നീക്കം നിലച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തെളിയുന്നു. വാര്‍ത്തയ്ക്ക് പിന്നില്‍ ഇടത് അനുകൂല തൊഴിലാളി സംഘടനയെന്നാണ് സൂചന. സംഭരണശാലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടതില്ലെന്ന വകുപ്പ് മന്ത്രിയുടെ ഏകപക്ഷീയ തീരുമാനമാണ് പ്രതിസന്ധിക്ക് കാരണമായത്.
പ്രതിഷേധം വ്യാപകമായതോടെ വീണ്ടും ചര്‍ച്ച നടത്താന്‍ വിപുലമായ കമ്മിറ്റി വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായാണ് വിവരം.
വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ എത്തണമെന്ന അറിയിപ്പും ലഭിച്ചു കഴിഞ്ഞു. കൂലി പിന്‍വലിച്ച തീരുമാനം തൊഴിലാളി സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതിനുശേഷം എടുത്തതാണെന്ന മന്ത്രിയുടെ പ്രസ്താവനയും ഇതോടെ പൊളിഞ്ഞു.
കൂലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയില്‍ തലസ്ഥാനത്ത് നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തത് സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകളുടെ പ്രതിനിധികളാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളെ അറിയിക്കാതെ എടുത്ത തീരുമാനമാണ് ഇപ്പോള്‍ തിരിച്ചടിയായത്.
കൊല്ലം സ്വദേശിയായ സി.ഐ.ടി.യു നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രി ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നാണ് ഇതര സംഘടനാ നേതാക്കളുടെ ആരോപണം. യു.ഡി.എഫ് ഭരണക്കാലത്ത് ഇയാള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചശേഷം ഇപ്പോള്‍ ഭരണം മാറിയപ്പോള്‍ മറുകണ്ടം ചാടി തൊഴിലാളി ദ്രോഹ നടപടികക്കായി പ്രവര്‍ത്തിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതമായ പതിനാറ് സംഭരണശാലകളിലും തൊഴില്‍ തടസപ്പെട്ടിട്ടില്ല. മൊത്തക്കച്ചവടക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വേതനം നല്‍കാതെ ചരക്കെടുക്കാന്‍ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.
നിലവില്‍ ലോഡ് ഒന്നിന് 825 രൂപയാണ് അംഗീകൃത വേതനം. അന്‍പത് പേരടങ്ങുന്ന തൊഴിലാളികള്‍ക്കാണ് ഈ വേതനം ലഭിക്കുന്നത്. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേരിലാണ് ഇപ്പോള്‍ വേതന വ്യവസ്ഥകള്‍ പൊളിച്ചടുക്കിയത്. പദ്ധതി പ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ നേരിട്ടെത്തി സംഭരണശാലകളില്‍നിന്നും ചരക്ക് എടുക്കണമെന്നാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല.
ചരക്ക് കൈപറ്റാന്‍ റിലീസിംഗ് ഓര്‍ഡറുകള്‍ എത്തുന്നത് സപ്ലൈ ഓഫീസറുടെ പേരിലാണെങ്കിലും ഇപ്പോഴും സംഭരണശാലകളില്‍ എത്തുന്നത് അരി മൊത്തക്കച്ചവടക്കാര്‍ തന്നെയാണ്. അതേസമയം പദ്ധതി പ്രകാരമുളള മറ്റ് മാര്‍ഗ നിര്‍ദേശങ്ങളില്‍ യാതൊരു നടപടിയുമെടുക്കാതെ തൊഴിലാളികളുടെ വേതന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുത്തത് ദുരൂഹത പടര്‍ത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."