വിമുക്തി പദ്ധതി ജനകീയ മുന്നേറ്റത്തിലൂടെ വിജയത്തിലെത്തിക്കും: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ കേരള സമൂഹത്തെ ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തുടക്കമിടുന്ന സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി' യുടെ ജില്ലാതല സംഘാടക സമിതിയായി.
പരമാവധി ജനകീയ ഇടപെടല്‍ സാധ്യമാക്കി ലഹരി വിരുദ്ധ പദ്ധതി വന്‍ വിജയമാക്കി മാറ്റണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കൂടുതലായി മദ്യ വിരുദ്ധ പരിപാടികളില്‍ പങ്കാളികളാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലയുടെ ചാര്‍ജുള്ള മന്ത്രി ജി. സുധാകരന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ജില്ലയിലെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ കമ്മറ്റിയംഗങ്ങളായിരിക്കും. കമ്മറ്റിയുടെ ജില്ലാതല ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറായിരിക്കും. ആറ് നഗരസഭകളുടെയും ചെയര്‍മാന്‍മാര്‍ വൈസ് ചെയര്‍മാന്‍മാരായി പ്രവര്‍ത്തിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയിന്റ് കണ്‍വീനറാകും. സംസ്ഥാന തലത്തില്‍ നിയോഗിക്കപ്പെടുന്ന ഒരാള്‍ ജില്ലാ മിഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കും.
സംസ്ഥാനജില്ലാതല സമിതി കൂടാതെ തദ്ദേശ സ്വയംഭരണ തലത്തില്‍ വാര്‍ഡ് തലം വരെ കമ്മറ്റികള്‍ പ്രവര്‍ത്തിക്കും. വാര്‍ഡ്തല സമിതിയുടെ കണ്‍വീനര്‍ വാര്‍ഡ് മെമ്പര്‍ ആണ്. മദ്യത്തിനെതിരെ സ്‌കൂള്‍, കോളജ്, വിദ്യാഭ്യാസ സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍, വിവര വ്യാപന സംവിധാനങ്ങള്‍, മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, നിയമവിരുദ്ധ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നിവ മിഷന്റെ കീഴില്‍ നടക്കും. എസ്.പി.സി., സ്‌കൂള്‍ കോളജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എന്‍.എസ്.എസ്., കുടുംബശ്രീ ലൈബ്രറി കൗണ്‍സില്‍, മദ്യ വര്‍ജ്ജന സമിതികള്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ എന്നിവയെ മിഷന്റെ ഭാഗമായി അണിനിരത്തും. വാര്‍ഡ്, പഞ്ചായത്ത്, നഗരസഭാതല യോഗം വിളിച്ച് ഡിസംബര്‍ ആദ്യം തന്നെ കമ്മറ്റികള്‍ രൂപവത്കരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലാ പൊലീസ് മേധാവി എ. അക്ബര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ്. സലിംകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, നഗരസഭാധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."