ലഹരിക്ക് എതിരേ ജനകീയമുന്നേറ്റം വേണം: മന്ത്രി സി രവീന്ദ്രനാഥ്
കൊച്ചി: കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ലഹരിക്കെതിരേ സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നു തുടങ്ങുന്ന ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വിമുക്തി ബോധവത്ക്കരണ യജ്ഞത്തിന്റെ ഭാഗമായുള്ള ജില്ലാതല സമിതിയുടെ രൂപീകരണ യോഗം കലക്ടറേറ്റ് സമ്മേളന ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായുള്ള സമിതികള്‍ക്കാണ് എല്ലാ ജില്ലകളിലും രൂപം നല്‍കുന്നത്. താഴേത്തട്ട് മുതലുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ രണ്ടാംവാരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാത അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളില്‍ നടത്തുന്ന പരിപാടിയില്‍ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും പങ്കാളികളാകും. തുടര്‍ന്ന് പത്തു മിനിറ്റ് ബോധവല്‍കരണ ക്ലാസ്. വിദ്യാര്‍ഥികളുടെ ചെറു ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഭവന സന്ദര്‍ശനം നടത്തി ലഘുലേഖകളും മറ്റും വിതരണം ചെയ്യും.
ജില്ലാതലത്തില്‍ അഞ്ചു ഘട്ടങ്ങളിലായാണ് പരിപാടികളെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതു സംബന്ധിച്ച യോഗങ്ങള്‍ നടക്കും.തുടര്‍ന്ന് നടപ്പിലാക്കേണ്ട പരിപാടികളുടെ കലണ്ടര്‍ തയാറാക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണം. ഡിസംബര്‍ രണ്ടാം വാരം സ്‌കൂളുകളില്‍ പ്രതിജ്ഞ. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഭവന സന്ദര്‍ശനം. ക്രിസ്മസ പുതുവത്‌സരത്തോടനുബന്ധിച്ച് ജില്ലാതല പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ കെ.ജെ മാക്‌സി എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, പിറവം നഗരസഭാ ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, എ.ഡി.എം സി.കെ പ്രകാശ്, സബ്കലക്ടര്‍ ഡോ. അദില, അസി. കലക്ടര്‍ ഡോ. രേണു രാജ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ് തുടങ്ങിയവരും വിവിധ വകുപ്പു പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."