മെട്രോ റെയില്‍ : പരിസ്ഥിതി പ്രത്യാഘാതപഠനം ഉടന്‍
കാക്കനാട്: മെട്രോ റെയില്‍ കാക്കനാടേയ്ക്കു നീട്ടുന്നതിനു മുന്നോടിയായി പരിസ്ഥിതി പ്രത്യാഘാത പഠനം ഉടന്‍ നടത്തുമെന്ന് ഡപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പറഞ്ഞു. കാക്കനാട് മെട്രോ റെയിലിന് പതിനൊന്നു സ്റ്റേഷനുകളാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചിയില്‍ നിന്നും കാക്കനാട്ടേക്കുള്ള പ്രധാന പാത കാക്കനാട് സിവില്‍ ലൈന്‍ റോഡാണ്. പാലാരിവട്ടത്തു നിന്നും ഏയര്‍പോര്‍ട്ട് റോഡില്‍ കയറി വലത്തോട്ടു തിരിഞ്ഞ് പ്രസ്സ് അക്കാദമി പരിസരത്തു കൂടി സാമ്പത്തിക മേഖലയ്ക്കു മുമ്പിലൂടെ ചിറ്റേത്തുക്കര ഇന്‍ഫോപാര്‍ക്ക് കവാടം വഴി രാജഗിരിവാലിയിലൂടെ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്ന രീതിയിലാണ് മെട്രോ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കാക്കനാട് സിവില്‍ ലൈന്‍ റോഡ് യാത്രാ കുരുക്ക് രൂക്ഷമായതോടെയാണ് മെട്രോ റെയില്‍ കാക്കനാട്ടേക്ക് നീട്ടുന്നതിന് ആലോചിച്ചത്. കൊച്ചി നഗരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കാക്കനാട്. ഐ.ടി മേഖലയായ ഇന്‍ഫോപാര്‍ക്കില്‍ മാത്രം 30,000 ത്തോളം ജീവനക്കാരുണ്ട്.
കാക്കനാട് പ്രത്യേക സാമ്പത്തീക മേഖലയില്‍ 10,000 ല്‍ അധികവും സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളിലായി 10,000വും ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരങ്ങളും, ഇവിടെയുണ്ട്.
മെട്രോ റെയിലിന് സ്ഥലം ഏറ്റെടുക്കുന്നതിലൂടെ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും അനധികൃത കൈയ്യേറ്റക്കാരെ ഭാഗികമായോ പൂര്‍ണമായോ ഒഴിവാക്കേണ്ടി വരും. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പലവട്ടം നടപടി സ്വീകരിച്ചെങ്കിലും കൈയ്യേറ്റങ്ങള്‍ വീണ്ടും തലപൊക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."