വ്യാജ ഏറ്റുമുട്ടല്‍ കാലത്തെ മാവോയിസ്റ്റ് മരണം
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയടക്കം രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേരളം നടുക്കത്തോടെയാണു കേട്ടത്. കേരളത്തില്‍ വളരെക്കാലമായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നു പല സംഭവങ്ങളിലൂടെ ബോധ്യമായതിനിടെയാണു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. നേര്‍ക്കുനേര്‍ ഏറ്റുമുട്ടലോ വ്യാജ ഏറ്റുമുട്ടലോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ പട്ടികയില്‍ കേരളവും ഇതോടെ ഇടംപിടിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നിലമ്പൂര്‍ വനത്തിനുള്ളില്‍ മാവോവാദികള്‍ സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരണത്തിന്റെ 12ാം വാര്‍ഷികം ആഘോഷിച്ചതിന്റെ വാര്‍ത്തയും ചിത്രവും മാധ്യമങ്ങള്‍ക്കു ലഭിച്ചിരുന്നു. 2013 ഫിബ്രവരിയിലാണു നിലമ്പൂര്‍ വനമേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം ആദ്യമായി കണ്ടത്.
വയനാട് മാനന്തവാടിയിലും അടുത്തിടെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. തലപ്പുഴ ചിറക്കരയിലെ തോട്ടം തൊഴിലാളികളുടെ വീടുകളില്‍ മാവോയിസ്റ്റ് സംഘം എത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മലപ്പുറം നിലമ്പൂര്‍ കാളികാവ് റേഞ്ചില്‍ ടി.കെ. കോളനിയില്‍ വനംവകുപ്പ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായി. വാച്ചര്‍മാരും വ്യാപാരിയും ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീടു വിട്ടയക്കുകയായിരുന്നു.
പൂത്തോട്ടം കടവില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള രണ്ടു കെട്ടിടങ്ങള്‍ പത്തംഗ മാവോയിസ്റ്റുകള്‍ കത്തിച്ചു. അഞ്ചുപേരെ ബന്ദികളാക്കി ഉള്‍വനത്തിലേയ്ക്കു കടന്നു. ഒരുമണിക്കൂറിനു ശേഷം എല്ലാവരെയും വിട്ടയച്ചു. ഈ സംഭവത്തിനു ശേഷം പൊലിസും വനംവകുപ്പും ജാഗരൂകരായി. സംസ്ഥാനത്തു നിരവധി മാവോയിസ്റ്റ് കലാപങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച രൂപേഷ്, അനൂപ് ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതു സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു കനത്ത തിരിച്ചടിയായിരുന്നു. കേരള, കര്‍ണാടക, ആന്ധ്ര സംയുക്ത പോലിസ് സേന 2015 മെയ് നാലിന് കോയമ്പത്തൂരില്‍ നിന്നാണു രൂപേഷിനെയും ഭാര്യ ഷൈനിയെയും പിടികൂടിയത്.
ഇപ്പോള്‍ രൂപേഷ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനാണ്. തേനീച്ചവളര്‍ത്തല്‍ പരിശീലകരായും ആശാരിപ്പണിക്കാരയും നിലമ്പൂര്‍ കാട്ടിലെത്തിയ രൂപേഷും സംഘവും നാട്ടുകാരെ ഭരണകൂടത്തിനെതിരേ സായുധപ്പോരാട്ടത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ ലഘുലേഖകളും പുസ്തകങ്ങളും വിതരണംചെയ്തതിനും ഇവര്‍ക്കെതിരേ കേസുണ്ട്. ഫറോക്കിലെ പ്രസ് വാടകയ്‌ക്കെടുത്തായിരുന്നു അച്ചടി. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും ഈ കുട്ടികളെ പരിരക്ഷിക്കുന്ന ഷൈനയുടെ മാതാവിനെയും പോലിസ് നിരന്തരം പീഡിപ്പിക്കയാണെന്നു മനുഷ്യാവകാശപ്രവര്‍ത്തകരും ആരോപണമുന്നയിച്ചിരുന്നു.
രൂപേഷിന്റെ അറസ്റ്റിനെത്തുടര്‍ന്നു പലയിടങ്ങളിലേയ്ക്കു ചിതറിയവരാണു വീണ്ടും നിലമ്പൂര്‍ വനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്നത്. ഇതിനിടെ കഴിഞ്ഞ ഡിസംബറില്‍ മാവോയിസ്റ്റ് സംഘടനയുടെ പ്രാദേശികനേതാവായിരുന്ന ബംഗാള്‍ സ്വദേശി മാവോയിസ്റ്റ് നേതാവ് ഇടുക്കിയില്‍ അറസ്റ്റിലായി. ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ കുഞ്ചാപ്പൂര്‍ ഹേമന്ത് ചൗക്കില്‍ സിദ്ധാര്‍ഥ് സര്‍ക്കാര്‍ മണ്ഡലാണു(43) പിടിയിലായത്. ഒന്നരവര്‍ഷമായി ഇടുക്കി മൈലാടുംപാറയിലെ ഏലത്തോട്ടത്തില്‍ തൊഴിലാളിയായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇയാള്‍ ഇടുക്കിയിലുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണു കണ്ടെത്തിയത്. ഒളിവില്‍ താമസിക്കാന്‍വേണ്ടിയാണു ഇയാള്‍ ഇടുക്കി തെരഞ്ഞെടുത്തത്. തീവ്രവാദനിയമപ്രകാരം സിദ്ധാര്‍ഥിനെതിരേ മൂന്നു കേസുകള്‍ നിലവിലുണ്ടായിരുന്നു. കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂലായില്‍ പാണ്ടിക്കാടുനിന്നു മാവോവാദി നേതാവ് വിനോദി(34)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വിനോദ് കോതമംഗലം സ്വദേശിയാണ്. മൂന്നുവര്‍ഷമായി സംഘടനയുടെ സജീവപ്രവര്‍ത്തകനായ വിനോദ് ഒളിസങ്കേതങ്ങളില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുകയായിരുന്നു. 11 വര്‍ഷം പോരാട്ടം എന്ന സംഘടനയിലും പ്രവര്‍ത്തിച്ചു.
മാനന്തവാടി, തിരുനെല്ലി എന്നീ പോലിസ് സ്റ്റേഷനുകളില്‍ യു.എ.പി.എ പ്രകാരം ഇയാള്‍ക്കെതിരേ കേസുകളുണ്ട്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ദേശവിരുദ്ധ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതില്‍ വിചാരണയ്ക്ക് ഹാജരാവാത്തതിനാല്‍ അറസ്റ്റ് വാറന്‍ഡും ഉണ്ടായിരുന്നു. അഗളിയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസുകള്‍ ഒട്ടിച്ച കേസിലും പ്രതിയാണ്.
അടുത്തിടെ നിലമ്പൂര്‍ വനത്തിനുള്ളില്‍ നിന്ന് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകളും വയര്‍ലസ് സെറ്റുകളും പൊലിസ് കണ്ടെടുത്തിരുന്നു. സൈലന്റ്‌വാലി വനത്തിനുള്ളിലെ കരുതല്‍മേഖലയില്‍നിന്നു മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തു. തിരുവഴാംകുന്ന് അമ്പലപ്പാറയില്‍ പൊലിസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടിയ സംഭവവും ഉണ്ടായി. രണ്ടു പൊട്ടാത്ത വെടിയുണ്ടകളും പൊട്ടിയ വെടി ഉണ്ടകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
കേരളചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള പൊലിസ് 'ഏറ്റുമുട്ടലുകള്‍'പരിശോധിച്ചാല്‍ മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ 'കൊല്ലപ്പെടലും' സംശയത്തിന്റെ മുള്‍മുനയിലാവും. നക്‌സലൈറ്റ് വര്‍ഗീസ് കൊല്ലപ്പെട്ട കഥ ഉദാഹരണം. സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന വര്‍ഗീസ് എന്ന ചെറുപ്പക്കാരനെ വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിക്കാനാണു പാര്‍ട്ടി നിയോഗിച്ചത്. ആദിവാസി ഊരുകളിലെ ദുരിതങ്ങള്‍ വര്‍ഗീസിനെ വിപ്ലവവീര്യം പെട്ടെന്നു പിടികൂടി. ഭൂപ്രഭുക്കള്‍ അടക്കിഭരിച്ചിരുന്ന വയനാട്ടില്‍ ആദിവാസികളുടെ ഭൂമിയും പെണ്ണുങ്ങളുടെ മാനവും അവര്‍ക്കു സ്വന്തമായിരുന്നു. നക്‌സല്‍ബാരി കലാപത്തിന്റെ അലയൊലികള്‍ ഇന്ത്യ മുഴുവന്‍ പരക്കുന്ന കാലമായിരുന്നു അത്.
അതില്‍ ആവേശംപൂണ്ടു വര്‍ഗീസും നക്‌സലൈറ്റായി. ആദിവാസികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി അദ്ദേഹം വളര്‍ന്നു. ആദിവാസികളെ എഴുത്തും വായനയും പഠിപ്പിച്ചു. ജന്മികളെ ചോദ്യം ചെയ്യാനും ആരംഭിച്ചു. തൃശിലേരിയിലെ ഭൂപ്രഭുക്കളും ക്രൂരന്മാരായ ജന്മികളുമായിരുന്ന വാസുദേവ അഡിഗ, ചേക്കു എന്നിവരെ വര്‍ഗീസും സഖാക്കളും ചേര്‍ന്നു കൊലപ്പെടുത്തി. അന്നത്തെ ഐ.ജി എം. ഗോപാലന്‍ വയനാട്ടിലെ നക്‌സലൈറ്റ് കേസുകളുടെ അന്വേഷണം ജൂനിയര്‍ ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണയെ ഏല്‍പ്പിച്ചു. സുബൈദാര്‍ എന്‍.കെ. പീടികയിലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസേനയെ വയനാട്ടിലെത്തിച്ചു. വര്‍ഗീസിനെ പിടികൂടാന്‍ വേട്ട ആരംഭിച്ചു.
വര്‍ഗീസ് പൊലിസിന്റെ വെടിയേറ്റു മരിച്ചതായി വാര്‍ത്ത വന്നു. 1970ല്‍ വര്‍ഗീസിനെ തിരുനെല്ലി കാട്ടിനുള്ളില്‍ കണ്ടെത്തിയെന്നും പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്നും പൊലിസ് സമര്‍ഥിച്ചു. എന്നാല്‍ , പിടിച്ചുകൊണ്ടുപോയ വര്‍ഗീസിനെ പൊലിസ് വെടിവച്ചു കൊല്ലുകയാണുണ്ടായതെന്നു വര്‍ഗീസിന്റെ സഖാക്കളും സഹപ്രവര്‍ത്തകരും അന്നേ പറഞ്ഞിരുന്നു. 1998ല്‍ പൊലിസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ വന്നതോടെ സത്യം പുറത്തുവന്നു. വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ലെന്നും നിരായുധനായ വര്‍ഗീസിനെ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങി താന്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കമുണ്ടാക്കി. ഐ.ജി ലക്ഷ്മണയെയും മുന്‍ ഡി.ജി.പി വിജയനേയും പ്രതികളാക്കി കേസെടുത്തു. തുടര്‍ന്നു കോടതി ലക്ഷ്മണയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മുന്‍ ഡി.ജി.പി വിജയനെ കോടതി വെറുതെ വിട്ടു. സംഭവം നടന്നു 40 വര്‍ഷങ്ങള്‍ കഴിഞ്ഞാണു വെളിപ്പെടുത്തലും തുടര്‍ന്നു വിധിയുമുണ്ടായത്. ആ സംഭവത്തിനുശേഷം ഒരുപാടു സംശയങ്ങള്‍ ബാക്കിവച്ചു വീണ്ടുമൊരു ഏറ്റുമുട്ടല്‍. രണ്ടു മാവോവാദികളുടെ ദാരുണ മരണം. സത്യം പുറത്തുവരാന്‍ എത്രനാള്‍ കാത്തിരിക്കണം..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."