ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ പുരുഷാധിപത്യമെന്ന് സര്‍വേ
കൊച്ചി: ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരും സ്ത്രീകളും തമ്മില്‍ 27 ശതമാനത്തിന്റെ വ്യത്യാസം നിലനില്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പുരുഷന്റെ ശരാശരി വേതനം മണിക്കൂറില്‍ 288.66 രൂപയാണ്. അതേസമയം സമാനജോലിയുള്ള സഹപ്രവര്‍ത്തകയ്ക്ക് ലഭിക്കുന്നത് 207.85 രൂപ മാത്രം. വേതനം എന്താണെങ്കിലും 75 ശതമാനം പേരും തൊഴിലില്‍ സംതൃപ്തരാണ്.
വേതനത്തിന്റെ കാര്യത്തില്‍ 55 ശതമാനം പേര്‍ക്കു മാത്രമാണ് സംതൃപ്തി ഉള്ളത്. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ കരിയര്‍ റിക്രൂട്ട്‌മെന്റ് സേവനദാതാക്കളായ മോണ്‍സ്റ്റര്‍ ഇന്ത്യ നടത്തിയ സാലറി ഇന്‍ഡെക്‌സ് സര്‍വേ ആണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഐ.ടി, ഹെല്‍ത്ത് കെയര്‍, കെയറിങ് സര്‍വിസസ്, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, ഗവേഷണം, സാമ്പത്തികസേവനം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി, മാനുഫാക്ചറിങ്, ലീഗല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നീ എട്ട് മേഖലകളെ ആസ്പദമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
ഐ.ടി മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനം 2013-ലെയും 2014-ലെയും 346.4 രൂപയെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 337.3 രൂപയിലെത്തി. ശരാശരി വേതനത്തിലെ ലിംഗവ്യതിയാനം 34 ശതമാനം. പുരുഷന്‍മാര്‍ മണിക്കൂറില്‍ 360.9 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 239.6 രൂപ മാത്രം. വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനം 21 ശതമാനം വര്‍ധിച്ച് 2014ലെ 174.5ല്‍ നിന്നും 212.6 രൂപയായി. അതേസമയം 2013ല്‍ 225.2 രൂപയായിരുന്നു ശരാശരി വേതനം. ശരാശരി വേതനത്തിലെ ലിംഗവ്യതിയാനം 22 ശതമാനം. പുരുഷന്‍മാര്‍ മണിക്കൂറില്‍ 220 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 171 രൂപയാണ്.
മാനുഫാക്ചറിങ് വിഭാഗത്തില്‍ ശരാശരി മണിക്കൂര്‍ വേതനം 2013ല്‍ 251.7 രൂപയായിരുന്നത് 2014ല്‍ 251.9 രൂപയും 2015ല്‍ 256.6 രൂപയുമായി. വേതനത്തിലെ ലിംഗവ്യത്യാസം ഏറ്റവും കൂടുതല്‍ ഇവിടെയാണ് 34.9 ശതമാനം. പുരുഷന്‍മാര്‍ 259.8 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് 192.5 രൂപ മാത്രം. ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനം ആറ് ശതമാനം കുറഞ്ഞ് 2014ലെ 270.1ല്‍ നിന്നും 253.6 രൂപയായി. 2013ല്‍ ഇത് 230.9 രൂപയായിരുന്നു. ശരാശരി വേതനത്തിലെ ലിംഗവ്യത്യാസം 17.7 ശതമാനം. പുരുഷന്‍മാര്‍ മണിക്കൂറില്‍ 255 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 209.7 രൂപ മാത്രം.
ഹെല്‍ത്ത് കെയര്‍, കെയറിങ് സര്‍വിസസ്, സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനത്തില്‍ വ്യത്യാസം. 2013ല്‍ 216.5 രൂപ, 2014ല്‍ 240.6 രൂപ, 2015ല്‍ കുറഞ്ഞ് 220.4 രൂപയായി. ശരാശരി വേതനത്തിലെ ലിംഗവ്യത്യാസം 26 ശതമാനം. പുരുഷന്‍മാര്‍ മണിക്കൂറില്‍ 240.6 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 178.3 രൂപ മാത്രം.
വിവിധ മേഖലകള്‍, പ്രവര്‍ത്തനപരിചയം, ഇന്ത്യയിലും പുറത്തുമുള്ള ഫങ്ഷനല്‍ ഗ്രൂപ്പുകള്‍ എന്നിവയുമായി ശമ്പളം താരതമ്യപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ ശാക്തീകരിക്കുന്നതിനാണ് മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡെക്‌സ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ തൊഴില്‍ വിപണിയിലെ പ്രവണതകള്‍ വിശകലനം ചെയ്യുമ്പോള്‍ വേതനത്തില്‍ ഏറ്റവും വലിയ ലിംഗഭേദം നിലനില്‍ക്കുന്നത് മാനുഫാക്ചറിങ് രംഗത്താണ് - 34.9 ശതമാനം. ഏറ്റവും കുറവ് ബി.എഫ്.എസ്.ഐ, ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, കമ്യൂണിക്കേഷന്‍ രംഗങ്ങളിലും - 17.7 ശതമാനം വീതം.
ലോകമെമ്പാടും വേതന തുല്യതയിലെ അപര്യാപ്തത സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ സ്‌പോര്‍ട്‌സ് രംഗത്തെ വ്യക്തികള്‍, രാഷ്ട്രീയ, ബിസിനസ് നേതാക്കള്‍ തുടങ്ങിയവര്‍ ഒരേ പോലെ പങ്കുവയ്ക്കുന്നുണ്ടെന്ന് മോണ്‍സ്റ്റര്‍ മാനേജിങ് ഡയരക്ടര്‍ സഞ്ജയ് മോദി പറഞ്ഞു. 52.7 ശതമാനം ജീവനക്കാര്‍ തങ്ങളുടെ വേതനത്തില്‍ സംതൃപ്തരാണെന്ന് മോണ്‍സ്റ്റര്‍ സാലറി ഇന്‍ഡെക്‌സ് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."