നരസിങിനെതിരേ ആക്രമണം ഉണ്ടായേക്കാമെന്ന് സി.ഐ.ഡി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഗുസ്തിയിലെ 74 കിലോ വിഭാഗത്തില്‍ മത്സരിക്കുന്നതിന് ട്രയല്‍സ് നടത്തണമെന്ന് വിഷയത്തില്‍ സുശീല്‍ കുമാറും നരസിങ് യാദവും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്.
ഹരിയാന പൊലിസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സി.ഐ.ഡി) വിഭാഗം നരസിങ് യാദവിനെതിരേ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോണിപത്തിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ ക്യാംപില്‍ താരം സുരക്ഷിതനല്ലെന്നും സി.ഐ.ഡി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി സായിയുടെ ഈ പരിശീലന കേന്ദ്രത്തില്‍ സി.ഐ.ഡി സംഘം കടുത്ത പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിന്റെ സുരക്ഷയെ പറ്റി നിരവധി തവണ സായ് അധികൃതര്‍ക്ക് മുന്നറിയിപ്പും സംഘം നല്‍കിയിട്ടുണ്ട്. താരത്തിനെതിരേ പ്രദേശത്ത് പുറത്തുള്ളവര്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യവിവരം.
ബഹല്‍ഗഢില്‍ നടക്കുന്ന ദേശീയ ക്യാംപില്‍ താരം കഴിഞ്ഞ ദിവസമാണ് പങ്കെടുത്തത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സായ് അഡ്മിനിസ്‌ട്രേറ്റര്‍ രാധിക ശ്രീമാന്‍ സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെതി ശ്രീനിവാസിന് കത്തയച്ചിട്ടുണ്ട്.
നരസിങ് അടക്കമുള്ള താരങ്ങളുടെ പരിശീലന വേദികള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. മുംബൈയില്‍ കാന്തിവാലി സ്റ്റേഡിയമാണ് സുരക്ഷിത വേദിയെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ശ്രീനിവാസ് ഈ നിര്‍ദേശം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലിസ് വേണ്ട സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പക്ഷം. സുശീലിന്റെ ഒളിംപിക് ബര്‍ത്തിനായി ആരാധകരുടെ പ്രതിഷേധം നരസിങിനെതിരേയുള്ള ഭീഷണിയിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയകളില്‍ ഇത്തരക്കാര്‍ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം സുശീലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം വധഭീഷണിയെ നരസിങ് തള്ളിയിട്ടുണ്ട്. ആക്രമിക്കപ്പെടാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല.
സി.ഐ.ഡി റിപ്പോര്‍ട്ട് താനും കണ്ടു. പക്ഷേ അത്തരമൊരു ഉദ്ദേശം ആര്‍ക്കുമുണ്ടെന്ന് കരുതുന്നില്ല. സുശീലും ഞാനും സുഹൃത്തുക്കളെ പോലെയാണെന്നും നരസിങ് പറഞ്ഞു.
എന്നാല്‍ നരസിങിന്റെ പരിശീലകന്‍ ജഗ്മാല് സിങ് ഇതിനോട് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയം റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പരിഗണയില്‍ കൊണ്ടുവരുമെന്ന് ജഗ്മാല്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നരസിങ് റെസ്‌ലിങ് ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ കണ്ടിരുന്നു. ക്യാംപില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നരസിങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."