നോട്ടു പ്രതിസന്ധി: നിര്‍മാണമേഖല നിശ്ചലം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു
കൊല്ലം: നോട്ട് അസാധുവാക്കലും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കാരണം നിര്‍മാണ മേഖല നിശ്ചലമായതോടെ ഇതര സംസ്ഥാന തൊഴിലാളികളിലെ വലിയൊരു വിഭാഗം കേരളം വിടുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് മാത്രം പതിനായിരത്തിനടുത്ത് തൊഴിലാളികള്‍ നാടുവിട്ടതായാണ് വിവരം
സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ 75 ശതമാനവും ഇതരസംസ്ഥാനക്കാരാണ്. കുറഞ്ഞ കൂലിയും കൂടുതല്‍ ജോലിയും എന്നതായിരുന്നു ഇതര സംസ്ഥാനക്കാരെ ജോലിയെടുപ്പിക്കുന്നതില്‍ കരാറുകാര്‍ കണ്ടിരുന്ന മെച്ചം.
എന്നാല്‍ നവംബര്‍ എട്ടിന് ശേഷം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി ചുരുക്കിയതോടെ ഇവര്‍ക്ക് ദിവസക്കൂലി പോലും നല്‍കാനായിരുന്നില്ല. ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അതോടെ തൊഴിലാളികള്‍ക്ക് ജോലിയില്ലാതായി. കൈയിലുണ്ടായിരുന്ന പണം ചെലവഴിച്ചാണ് രണ്ടാഴ്ചയോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പിടിച്ചു നിന്നത്.
തൊഴിലും പണവുമില്ലാതെ പട്ടിണിയാവുമെന്ന അവസ്ഥയെത്തിയതോടെയാണ് ഇവര്‍ കൂട്ടത്തോടെ നാടുവിടുന്നതെന്നു ലേബര്‍ ഓഫിസര്‍മാര്‍ പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ പണം കൂട്ടിവയ്ക്കുന്ന പതിവില്ല. അടച്ചുറപ്പില്ലാത്ത വീടുകളിലും മറ്റും കൂട്ടമായി താമസിക്കുന്ന ഇവര്‍ മോഷണം ഭയന്ന് ആഴ്ചതോറും കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുകയും ചെലവിനുള്ളത് മാത്രം ബാക്കി വയ്ക്കുകയും ചെയ്യും. കൈയിലുണ്ടായിരുന്ന അസാധു നോട്ടുകള്‍ മാറ്റുന്നതിനും ഇവര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടായി. പലര്‍ക്കും തിരിച്ചറിയല്‍ രേഖകളില്ലാതിരുന്നതിനാല്‍ ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റി നല്‍കിയതുമില്ല.
ഇതര സംസ്ഥാന തൊഴിലാളികളെ സംശയക്കണ്ണോടെ കാണുന്ന മലയാളികള്‍ ഇവരെ സഹായിക്കാനും തയാറായില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. ഇവിടെ ഇഷ്ടിക നിര്‍മാണ ഫാക്ടറിയിലും പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മാണ ശാലയിലുമെല്ലാം ജോലിയെടുക്കുന്നതില്‍ 90 ശതമാനത്തിലേറെയും ഇതര സംസ്ഥാനക്കാരാണ്. ഇവര്‍ കൂട്ടത്തോടെ നാടുവിട്ടതോടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവക്കേണ്ട അവസ്ഥയിലെത്തി. ബാംഗ്ലൂര്‍, പാറ്റ്‌ന, ലക്‌നൗ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ പോകുന്നതെന്ന് റെയില്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളില്‍ കൂടുതലും ആസാം, ബംഗാള്‍ സ്വദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."