കാഴ്ചയില്ലാത്ത പ്രിയകൂട്ടുകാര്‍ക്ക് സ്‌നേഹവീടൊരുക്കി സഹപാഠികള്‍
കോഴിക്കോട്: കാഴ്ചയില്ലാത്ത പ്രിയകൂട്ടുകാര്‍ക്ക് സ്‌നേഹവീടൊരുക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ചേവായൂര്‍ മെഡിക്കല്‍ കോളജ് കാംപസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജന്മനാ ഇരുകണ്ണുകള്‍ക്കും കാഴ്ചശക്തിയില്ലാത്ത ഹരികൃഷ്ണനും ഹരിപ്രിയയും പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ ദീര്‍ഘകാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. 15 ലക്ഷം രൂപ ചെലവില്‍ 1300 ചതുരശ്രയടി വിസ്തൃതിയില്‍ കുന്ദമംഗലം പഞ്ചായത്തിലെ താഴെപടനിലത്താണ് വീട് നിര്‍മിച്ചത്.
നിലവില്‍ മായനാട് പ്രദേശത്തെ വാടക വീട്ടിലാണ് ഹരികൃഷ്ണനും ഹരിപ്രിയയും താമസിക്കുന്നത്. കണ്ണുകളിലേക്കുള്ള ഞരമ്പുകള്‍ തളര്‍ന്ന് പോയതായിരുന്നു ഇവരു കാഴ്ച നഷ്ടപ്പെടാന്‍ കാരണം. ഇതിനു പരിഹാരം തേടി രക്ഷിതാക്കള്‍ ഭീമമായ സംഖ്യ ചികിത്സാവശ്യാര്‍ഥം ചെലവഴിച്ചിരുന്നു. ഇതോടൊപ്പം ഇവരുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവും വര്‍ധിച്ചതിനാല്‍ അതിനായുള്ള ചികിത്സയും നടക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവരുടെ രക്ഷിതാക്കള്‍ക്ക് സ്വന്തമായി വീട് വയ്ക്കല്‍ അസാധ്യമായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഹരികൃഷ്ണന്റെയും ഹരിപ്രിയയുടെയും സഹപാഠികള്‍ ഇവര്‍ക്കായി വീടൊരുക്കാന്‍ മുന്നോട്ടു വന്നത്.
നാളെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പുതിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനാകും. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍ അമ്പിളി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, രമ്യാ ഹരിദാസ്, എം.പി സുരേഷ്, വിനോദ് പടനിലം, ഷമീന വെള്ളക്കാട്ട്, എന്‍.എസ്.എസ് സംസ്ഥാന കോഡിനേറ്റര്‍ എ. സുബൈര്‍ കുട്ടി, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കോയട്ടി വെള്ളക്കാട്ട് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."