സെന്റ് ജോസഫ് സാധുജന സംഘത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്ന് പൊലിസ് ഹൈക്കോടതിയില്‍
കൊച്ചി : ആലുവയിലെ ആലങ്ങാട് സെന്റ് ജോസഫ് സാധുജന സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലായി കോടികളുടെ കള്ളപ്പണമുണ്ടെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്നും പൊലിസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിയമ വിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതു പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സെന്റ് ജോസഫ് സാധുജന സംഘം നല്‍കിയ ഹരജിയില്‍ ആലുവ വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ എസ്.ഐയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
സാധുജന സംഘത്തിന്റെ പക്കലുള്ള കണക്കില്‍ പെടാത്ത പണം സഹകരണ ബാങ്കുകളിലും മറ്റുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ലൈസന്‍സില്ലാതെ വന്‍ തോതില്‍ നിക്ഷേപം സ്വീകരിച്ചും പണം പലിശയ്ക്കു നല്‍കിയും സംഘം സര്‍ക്കാരിനെ കബളിപ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സെന്റ് ജോസഫ് സാധുജന സംഘം മതിയായ ലൈസന്‍സില്ലാതെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആലങ്ങാട് സ്വദേശി ജൂഡോ പീറ്റര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സാധുജന സംഘത്തിലെ അംഗങ്ങളുടെ വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് 1963 ല്‍ സംഘം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2006 ല്‍ കെ.വി പോള്‍ പ്രസിഡന്റായതോടെ സാധുജന സംഘത്തിന്റെ പ്രവര്‍ത്തന രീതി മാറി. വന്‍തോതില്‍ പണം പലിശയ്ക്കു നല്‍കാനും നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. ഇതോടൊപ്പം സ്വര്‍ണപ്പണയവും ചിട്ടികളും തുടങ്ങി.
ഇത്തരം സാമ്പത്തിക കാര്യങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചെന്ന് പൊതുജനങ്ങളെ വിശ്വസിപ്പിച്ചാണ് സംഘം പ്രവര്‍ത്തിച്ചു വന്നത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരം സാമ്പത്തികയിടപാടുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ലൈസന്‍സ് ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ സംഘത്തിന്റെ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാക്കിയില്ല. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ സാധുജന സംഘത്തിന്റെ ആലങ്ങാട്ടെ പ്രധാന ഓഫീസിലും നീറിക്കോട്, മാളിയംപീടിക എന്നിവിടങ്ങളിലുള്ള ശാഖാ ഓഫീസുകളിലും സെര്‍ച്ച് നടത്തി 114 രേഖകള്‍ പിടിച്ചെടുത്തു. ഇവ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പൊലിസിന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയതോടെ ആലങ്ങാട് സെന്റ് ജോസഫ് സാധുജന സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ അപേക്ഷ അനുവദിച്ചു. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയാല്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ പ്രതികള്‍ വീണ്ടും തുടരും. അന്വേഷണത്തില്‍ ഹരജിക്കാര്‍ക്കു പുറമേ എട്ടുപേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."