പെന്‍ഷന്‍ വാങ്ങാനെത്തിയവരും വലഞ്ഞു: മാറ്റമില്ലാതെ ശമ്പള ദിവസവും
കോഴിക്കോട്: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ ശമ്പള ദിവസത്തില്‍ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ മണിക്കൂറുകള്‍ കാത്തിരുന്ന് ജനങ്ങള്‍ വലഞ്ഞു. കോഴിക്കോട് ട്രഷറിക്കു മുന്നില്‍ പുലര്‍ച്ചെ നാലുമണിക്കു തന്നെ ആളുകള്‍ പെന്‍ഷന്‍ വാങ്ങാനെത്തിയിരുന്നു. പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ എത്തിയ വൃദ്ധരില്‍ പലരും വെള്ളമോ ഭക്ഷണമോ ഇല്ലാതെ തളര്‍ന്നു. ഓഫിസ് തുറക്കുന്ന സമയമായപ്പോഴേക്കും ട്രഷറിക്കു മുന്നില്‍ കാല്‍ കുത്താനിടമില്ലാത്ത അവസ്ഥയായിരുന്നു.
രാവിലെ എത്തിയ 32 ലക്ഷം രൂപ കൊണ്ട് 120 പേര്‍ക്കു മാത്രമാണ് പെന്‍ഷന്‍ നല്‍കാനായത്. പണം തീര്‍ന്നതോടെ ആളുകള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. തുടര്‍ന്ന്, മലാപ്പറമ്പിലെ എസ്.ബി.ഐയില്‍നിന്നു പണമെത്തിച്ചാണ് ബാക്കിയുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കിയത്. 25,000 രൂപ വരെ പിന്‍വലിക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഒരിടത്തും ഇതു ലഭിച്ചില്ല. പരമാവധി ട്രഷറികളില്‍നിന്നു ലഭിച്ചത് 5,000 രൂപയായിരുന്നു.
വൈകിട്ടുവരെ കാത്തുനിന്നിട്ടും പലര്‍ക്കും പണം കിട്ടിയതുമില്ല. അവര്‍ക്ക് അധികൃതര്‍ ചെക്ക് നല്‍കി വിടുകയായിരുന്നു. വര്‍ഷങ്ങളുടെ അധ്വാനഫലത്തിനായി ദിവസങ്ങളോളം നടക്കേണ്ട അവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ചാണു പലരും മടങ്ങിയത്. സബ് ട്രഷറികളിലും ആവശ്യത്തിനു പണമുണ്ടായിരുന്നില്ല. പലയിടങ്ങളിലും അധികൃതരും ജനങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതു മുന്‍കൂട്ടിക്കണ്ടു ജില്ലയിലെ അഞ്ച് ട്രഷറികളില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യത്തിനു പണമെത്തിയില്ലെങ്കില്‍ സമാനമായ അവസ്ഥ തന്നെയായിരിക്കും അടുത്ത ദിവസങ്ങളിലുമുണ്ടാകുകയെന്ന് അധികൃതര്‍ പറയുന്നു.
ബാങ്കുകളിലും ഇന്നലെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശമ്പള ദിവസമായതിനാല്‍ ഇന്നലെ ജില്ലയിലെ ബാങ്കുകളെല്ലാം തിരക്കില്‍ മുങ്ങി. രാവിലെ ഏഴോടെത്തന്നെ ആളുകള്‍ ശമ്പളം വാങ്ങാനായി ബാങ്കിനു മുന്നിലെത്തിയിരുന്നു. ബാങ്ക് തുറന്നതോടെ തിക്കും തിരക്കും ബാങ്കിനുള്ളിലേക്കെത്തി. ആളുകളെ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ നന്നെ പ്രയാസപ്പെട്ടു. തിരക്ക് മുന്‍കൂട്ടിക്കണ്ട് ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിരുന്നു. ഉച്ചയായപ്പോള്‍ തന്നെ മിക്ക ബാങ്കുകളിലെയും പണം തീര്‍ന്നു. ഇതോടെ പലയിടങ്ങളിലും പ്രതിഷേധമിരമ്പി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും നിക്ഷേപിച്ച ശമ്പള തുക പിന്‍വലിക്കാനായി ജനം ബാങ്കുകളിലെത്തിയിരുന്നു. മണിക്കൂറുകളോളം ക്യൂവില്‍ നിന്നിട്ടും 25,000 രൂപ ഒറ്റയടിക്കു പിന്‍വലിക്കാന്‍ ഭൂരിഭാഗം ബാങ്കുകളിലും സാധിച്ചില്ല.
ഗ്രാമീണ മേഖലയിലെ പല ന്യൂജനറേഷന്‍ ബാങ്കുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും താളംതെറ്റിയ അവസ്ഥയാണ്. 3,000 രൂപ പോലും നല്‍കാനാകാതെ ഇവിടങ്ങളില്‍ ഉപഭോക്താക്കളെ ടോക്കണ്‍ നല്‍കി മടക്കി അയക്കുകയായിരുന്നു. ഒരു തവണ ചില്ലറ തുക പിന്‍വലിച്ചാല്‍ പിന്നീട് ഒരു ആഴ്ച കഴിഞ്ഞാണു പണം പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം ലഭിച്ച ടോക്കണ്‍ പ്രകാരം പണം പിന്‍വലിക്കാനെത്തിയവര്‍ക്ക് ഇന്നലെയും പണം നല്‍കാന്‍ ചില ബാങ്കുകള്‍ക്കു കഴിഞ്ഞില്ല. ഇതു പലയിടത്തും ബാങ്ക് ജീവനക്കാരും നിക്ഷേപകരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി.
ജില്ലയിലെ ഭൂരിഭാഗം എ.ടി.എമ്മുകള്‍ ഇന്നലെയും അടഞ്ഞുകിടന്നു. ബാങ്കുകളോടു ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ചുരുക്കം എ.ടി.എമ്മുകള്‍ മാത്രമാണു പ്രവര്‍ത്തിച്ചത്. ഇവിടെ നിന്നും 2,000 രൂപയുടെ നോട്ടുകളാണു ലഭിച്ചത്. ഒരു മാസത്തെ അധ്വാനത്തിന്റെ പ്രതിഫലം തേടി ബാങ്കുകളിലും ട്രഷറികളിലുമെത്തിയ മഹാഭൂരിപക്ഷത്തിനും നിരാശയായിരുന്നു ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."