വ്യാജ കമ്മിറ്റിയുണ്ടാക്കി സ്രാമ്പിപള്ളി പിടിച്ചെടുക്കാന്‍ ശ്രമം
ഇരിട്ടി: 120 വര്‍ഷത്തിലധികം പഴക്കമുള്ള കൂരന്മുക്ക് പഴയ സ്രാമ്പി പള്ളി വ്യാജ മഹല്ല് കമ്മിറ്റിയുണ്ടാക്കി പിടിച്ചെടുക്കാന്‍ ശ്രമം. നരയമ്പാറ മൊയ്തീന്‍പള്ളി പരിപാലന കമ്മിറ്റിക്കു കീഴിലുള്ള പള്ളിയും ആറര സെന്റ് ഭൂമിയുമാണു വ്യാജരേഖയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകന് വില്പന നടത്തിയത്. നരയമ്പാറ മൊയ്തീന്‍പള്ളി പരിപാലന കമ്മിറ്റിക്കു കീഴിലുള്ള പള്ളി വിറ്റ വിവരമറിയുന്നത് അധികൃതര്‍ കഴിഞ്ഞദിവസം സ്ഥലമളക്കാന്‍ എത്തിയപ്പോഴാണ്. കൂരന്മുക്ക് മഹല്ല് കമ്മിറ്റി എന്ന പേരില്‍ വ്യാജകമ്മിറ്റിയുണ്ടാക്കി സൊസൈറ്റി ആക്ട് പ്രകാരം കഴിഞ്ഞ മാര്‍ച്ച് 28നു മൊയ്തീന്‍പള്ളിയുടെ ഭൂമി ദാനമായി നല്കിയെന്നു കാണിച്ച് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
സ്രാമ്പി ഉള്‍പ്പെടുന്ന 16 സെന്റ് ഭൂമി വര്‍ഷങ്ങളായി മതില് കെട്ടിത്തിരിച്ച് മൊയ്തീന്‍പള്ളി കമ്മിറ്റിയുടെ കൈവശമാണ് ഉണ്ടായിരുന്നത്. തലശ്ശേരി വളവുപാറ റോഡ് വികസനത്തിനായി നല്കിയ ഒന്‍പതര സെന്റ് ഭൂമി കഴിച്ചുള്ള ആറര സെന്റ് ഭൂമിയാണു നിലവില്‍ പള്ളിയുടെ കൈവശമുള്ളത്. എന്നാല്‍ 2016ല്‍ രജിസ്റ്റര്‍ ചെയ്ത കൂരന്മുക്ക് മഹല്ല് കമ്മിറ്റിയാണ് 120 വര്‍ഷം പഴക്കമുള്ള സ്രാമ്പി പള്ളി നിര്‍മിച്ചെതെന്നു ഭൂമിയുടെ രേഖയില്‍ വ്യക്തമാക്കുന്നു.
വ്യാജകമ്മിറ്റിക്കു ദാനമായി നല്കിയ ഭൂമി ഉടമസ്ഥന് 2001ലാണു 40 സെന്റ് വാങ്ങുന്നത്. എന്നാല്‍ 30 സെന്റിന്റെ രേഖയാണ് ഉടമസ്ഥനില്‍ നിന്നു രജിസ്റ്റര്‍ ചെയ്തു വാങ്ങിയത്. സ്ഥലമുടമ നിര്‍മിച്ച കെട്ടിടത്തിന് അനുമതി നല്കാന് പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖയില്‍ 24 സെന്റാണു കാണിച്ചിട്ടുള്ളത്. നരയമ്പാറ മൊയ്തീന്‍പള്ളി പരിപാലന കമ്മിറ്റിക്കു കീഴില്‍ 360 കുടുംബങ്ങളാണുള്ളത്. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ള ജമാഅത്തെ ഇസ്ലാമി പള്ളി പിടിച്ചെടുക്കാന്‍ വന്നാല്‍ തടയുമെന്നും നിയമപരമായി നേരിടുമെന്നും മഹല്ല് നിവാസികള്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ഭൂമി അളക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞ കൂരന്‍മുക്കിലെ കെ ഷാനിദ്, പി.കെ അജ്മല്‍, കെ.വി ഷഹീര്‍ എന്നിവരെ ജമാഅത്തെ ഇസ്ലാമിക്കാര്‍ ആക്രമിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഇവരെ കള്ളക്കേസില്‍ പൊലിസ് അറസ്റ്റുചെയ്തിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് മൊയ്തീന്‍പള്ളി പരിപാലന കമ്മറ്റിയുമായി ചര്‍ച്ച നടത്തി. വ്യാജരേഖയുണ്ടാക്കി നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പള്ളി പിടിച്ചെടുത്ത് മഹല്ലിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് ഉമര്‍ മുസ്ലിയാര് വ്യക്തമാക്കി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്മാന് കല്ലായി, അഹ്മദ് തേര്‍ളായി, പാലത്തയി മൊയ്തുഹാജി, അബ്ദുല്‍സലാം ദാരിമി കിണവക്കല്‍, എം.കെ അഹമ്മദ്, യു മഹറൂഫ് മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."