മാഗ്നെറ്റിക്ക് മാഗ്നസ്......
ന്യൂയോര്‍ക്: ഇഷ്ട മേഖലയായ റാപിഡ് ഗെയിമിലെ വേഗമാര്‍ന്ന നീക്കങ്ങളാല്‍ കാന്തിക വലയം തീര്‍ത്ത് നോര്‍വെയുടെ മാഗ്നസ് കാള്സന് ലോക ചെസ്സ് കിരീടം നിലനിര്‍ത്തി. 26 വയസ് പൂര്‍ത്തിയായ ദിവസമാണ് താരം തുടര്‍ച്ചയായി മൂന്നാം തവണയും ലോക ചെസ്സിന്റെ തലപ്പത്തെത്തിയത്. റഷ്യന്‍ ചാലഞ്ചര്‍ സെര്‍ജി കര്യാകിനെ പരാജയപ്പെടുത്തിയാണ് മൂന്നാം തവണയും കാള്സന് വിശ്വ വിജയിയായത്.
തുല്ല്യ വയസുകരനായ എതിരാളി റഷ്യയുടെ സെര്‍ജി കര്യാകിനെ ടൈ ബ്രേക്കറിലേക്ക് നീണ്ട നാടകീയ പോരാട്ടത്തിലാണ് കാള്സന് വീഴ്ത്തിയത്. ആദ്യ പന്ത്രണ്ടു ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ 5.5 പോയിന്റുകളുമായി ഇരുവരും തുല്ല്യത പാലിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറില്‍ തീരുമാനമായത്. 25 മിനുട്ടു വീതം ഓരോ താരത്തിനും ലഭിക്കുന്ന നാലു റാപിഡ് റൗണ്ടുകളാണ് ടൈ ബ്രേക്കര്‍ പോരാട്ടത്തിലുണ്ടായിരുന്നത്. വേഗമാര്‍ന്ന നീക്കങ്ങളാണ് ഈ റൗണ്ടിന്റെ സവിശേഷത. 2010 മുതല്‍ ഈ വിഭാഗത്തില്‍ അനിഷേധ്യ ശക്തിയായി നിലകൊള്ളുന്ന കാള്‍സനു മുന്നില്‍ കര്യാകിന് ഒന്നും ചെയ്യാനില്ലായിരുന്നു. ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ചപ്പോള്‍ റാപിഡിലെ രണ്ടും മൂന്നും നാലും ഗെയിമുകള്‍ അതിവേഗ നീക്കങ്ങളിലൂടെ സ്വന്തമാക്കിയാണ് കാള്‍സന്റെ വിജയം.
മൂന്നാഴ്ച നീണ്ടുനിന്ന 12 ഗെയിമുകളില്‍ കാള്‍സനു മേല്‍ കടുത്ത വെല്ലുവിളി തീര്‍ത്താണ് കര്യാകിന് നിലകൊണ്ടത്. എട്ടാം ഗെയിമില്‍ വിജയം സ്വന്തമാക്കി ഒരു വേള കര്യാകിന് കാള്‍സനെ അട്ടിമറിക്കുമെന്ന പ്രതീതിയും ഉണര്‍ത്തി. എന്നാല്‍ പത്താം ഗെയിമില്‍ തിരിച്ചടിച്ച കാള്സന് 11, 12 ഗെയിമുകളില്‍ സമനില പിടിച്ചാണ് മത്സരം നീട്ടിയെടുത്തത്. പതിവിനു വിപരീതമായി പലപ്പോഴും കാള്സന് തോല്‍വിയുടെ വക്കില്‍ നിന്നു സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന റെക്കോര്‍ഡ് നേരത്തെ തന്നെ സ്വന്തമാക്കിയ കാള്സന് 2013, 14 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇതിഹാസം വിശ്വനാഥന് ആനന്ദിനെ കീഴടക്കിയാണ് ലോക ചാംപ്യനായത്. മൂന്നാം ലോക കിരീടത്തോടെ ചെസ്സിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കാണ് കാള്സന് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."