ദാറുല്‍ഹുദാ ബംഗാള്‍ കാംപസ്
ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പശ്ചിമ ബംഗാളിലെ ഭീംപൂരിലുള്ള ഓഫ് കാംപസില്‍ സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മിച്ച അക്കാദമിക് കെട്ടിടത്തിന്റെ ഉദ്ഘാടനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജനാധിപത്യത്തിലും മതസ്വാതന്ത്ര്യത്തിലും മനുഷ്യസമത്വത്തിലും അധിഷ്ഠിതമായ രാജ്യനിര്‍മിതിയില്‍ മുസ്‌ലിം സാന്നിധ്യമുണ്ടാവണമെന്നും രാജ്യത്തിന്റെ കെട്ടുറപ്പുള്ള ഭരണസംവിധാനത്തില്‍ പങ്കാളിയാകാന്‍ മുസ്‌ലിം വിദ്യാര്‍ഥി തലമുറ മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു. ഉന്നത സര്‍വിസുകളിലും ശാസ്ത്രമേഖലയിലും സേനയിലടക്കം മുസ്‌ലിം യുവാക്കളുടെ സാന്നിധ്യമുണ്ടാകണം. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയാണ് സാമൂഹികവും സാംസ്‌കാരികവുമായ നവോത്ഥാനം സാധ്യമാവുകയുള്ളൂ. കേരളത്തില്‍ നടപ്പിലാക്കിയ ദാറുല്‍ഹുദായുടെ സമന്വയ വിദ്യാഭ്യാസ മോഡല്‍ ബംഗാളടക്കം വിവിധ സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിക്കുന്നതിന് പിന്നിലെ ലക്ഷ്യവും ഇതാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കെട്ടിടോദ്ഘാടന ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപസില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ ശിലയിടല്‍ കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ബംഗാള്‍ ന്യൂനപക്ഷ മദ്‌റസാ വിദ്യാഭ്യാസ സഹമന്ത്രി മുഹമ്മദ് ഗിയാസുദ്ദീന്‍ മുല്ല, ഫിഷറീസ് വകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദാറുല്‍ഹുദാ നാഷനല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, എം.കെ ജാബിറലി ഹുദവി, ഡോ.കെ.ടി ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രതിനിധികളും ഹുദവികളും പങ്കെടുത്തു.
മറ്റു സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികളുടെ ഭാഗമായി 2011 ലാണ് പശ്ചിമ ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരില്‍ പത്തര ഏക്കറില്‍ ദാറുല്‍ഹുദാ ഓഫ് കാംപസ് ആരംഭിച്ചത്. അഞ്ച് ബാച്ചുകളിലായി ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നുണ്ട്.
നിലവില്‍ അസം, സീമാന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ ഓഫ് കാംപസുകളും മഹാരാഷ്ട്രയിലെ ഭീവണ്ടി, കര്‍ണാടകയിലെ കാശിപട്ണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ യു.ജി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."