ഗെയിം വിശേഷങ്ങള്‍
കരീം യൂസുഫ് തിരുവട്ടൂര്‍
ഒഴിവു സമയങ്ങളില്‍ ഗെയിം കളിക്കാത്തവര്‍ വിരളമായിരിക്കും. പല കൂട്ടുകാരുടേയും ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുകയാണ് ഗെയിമുകള്‍. ഇതിന്റെ പേരില്‍ കുട്ടികളെ വഴക്കു പറയുന്ന രക്ഷിതാക്കള്‍ക്ക് സുഖകരമല്ലാത്ത വാര്‍ത്തയാണ് പല ഗവേഷണങ്ങളില്‍നിന്നു ലഭിക്കുന്നത്. ഗെയിമുകള്‍ക്ക് നല്ലവശവും ചീത്തവശവും ഉണ്ട്.
ഗെയിമുകള്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് അത്യുത്തമമാണെന്നു ഗവേഷണങ്ങള്‍ പറയുന്നു. എന്നാല്‍ വ്യക്തികളില്‍ ആക്രമണ മനോഭാവം വളര്‍ത്തുന്ന ഗെയിമുകള്‍ ഇന്നു രംഗത്തുണ്ട്. ഒരു പരിധിക്കപ്പുറം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നതു ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന സൂചനയും ഗവേഷണങ്ങളിലുണ്ട്. സദാസമയവും ഗെയിമുകളില്‍ മുഴുകുന്നതിനു പകരം ദിവസത്തില്‍ ഒരു നിശ്ചിത സമയം മാത്രം ഗെയിമുകള്‍ക്കായി മാറ്റിവയ്ക്കുന്നതാണ് ഉചിതം. വിദേശ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ് മോട്ടോര്‍ ഗെയിമുകള്‍. ഗെയിമുകളെക്കുറിച്ച് കൂടുതലായി അറിയാം.
വീഡിയോ ഗെയിം
വീഡിയോ ഗെയിം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍, ടാബ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കാവുന്ന പ്രോഗ്രാമുകളാണ് വീഡിയോ ഗെയിമുകള്‍. ഇവയിലെ കേന്ദ്രകഥാപാത്രത്തെ ഉപയോഗിച്ച് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനും മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനും വിസ്മയകരമായ പല നേട്ടങ്ങള്‍ സ്വന്തമാക്കാനും മിനുട്ടുകള്‍ കൊണ്ടു കഴിയുമെന്നതാണ് ഇവയെ ജനങ്ങളുടെ ഇഷ്ടഘടകമാക്കിമാറ്റിയത്. 1958 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ ഊര്‍ജ്ജതന്ത്രജ്ഞനായ വില്യം ഹിഗിന്‍ ബോഥാം ആണ് ആദ്യത്തെ വീഡിയോ ഗെയിം ടെന്നിസ് ഫോര്‍ ടു നിര്‍മിച്ചത്. ഓസിലോസ്‌കോപ്പിലൂടെ കാണാവുന്ന തരത്തിലുള്ള ഈ ഗെയിമിനു ശേഷമാണ് സ്റ്റീവ് റസല്‍ സ്‌പേസ് വാര്‍ ആദ്യത്തെ ഇന്ററാക്റ്റീവ് കമ്പ്യൂട്ടര്‍ ഗെയിം നിര്‍മിച്ചത്.
പോങാണ് താരം
ഈ നാമം വീഡിയോ ഗെയിമുകളെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധേയമാണ്. ലോകത്ത് വീഡിയോ ഗെയിം വ്യവസായത്തിന്റെ വാതില്‍ തുറന്നിട്ടത് പോങിന്റെ വരവോടു കൂടിയാണെന്നു പറയാം. നോലാന്‍ ബുഷ് നെല്‍, ടെഡ് ഡാബ്‌നി എന്നീ അമേരിക്കക്കാരാണ് പോങിന്റെ സൃഷ്ടാക്കള്‍. ആ കാലത്ത് പോങ് ഗെയിം കളിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയരാവാനുള്ള ഒരു മാര്‍ഗം കൂടിയായിരുന്നു.
ക്രാഷ് എന്ന വ്യവസായ തകര്‍ച്ച
പോങിന്റെ വിജയത്തോടെ പല കമ്പനികളും ഗെയിം വ്യവസായത്തിലേക്കു തിരിഞ്ഞു. പലരും പോങിന് സമാനമായ ഗെയിമുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കാന്‍ തുടങ്ങി.
ഇതു മറ്റൊരു ദുരന്തത്തിനു വഴിവച്ചു. പല ജനങ്ങള്‍ക്കും ഗെയിം താല്‍പ്പര്യം കുറയാന്‍ തുടങ്ങി. ഇതു വ്യവസായത്തേയും സാരമായി ബാധിച്ചു. വിപണി കുത്തനെ ഇടിഞ്ഞതോടെ ഗെയിമുകള്‍ ചുരുങ്ങിയ വിലയില്‍ ലഭ്യമാകാനും ഗെയിം കണ്‍സോളുകളുടെ നിര്‍മാണം നിര്‍ത്തലാക്കാനും തുടങ്ങി. 1977 മുതല്‍ ഗെയിം ലോകത്ത് ഉണ്ടായ തകര്‍ച്ച ക്രാഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനു ശേഷം വിപണിയില്‍ സ്‌പേസ് ഇന്‍വെന്‍ഡേഴ്‌സ് എന്ന വീഡിയോ ഗെയിം രംഗപ്രവേശനം ചെയ്തതോടെ തകര്‍ച്ച പ്രതീക്ഷകള്‍ക്കു വഴിമാറി. വീഡിയൊ ഗെയിമുകളുടെ സുവര്‍ണകാലമായി അറിയപ്പെടുന്ന 1978 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തിന്റെ അവസാനത്തില്‍ വടക്കേ അമേരിക്കയില്‍ ഉണ്ടായ രണ്ടാമത്തെ ക്രാഷോടു കൂടി പല വീഡിയോ ഗെയിം കമ്പനികളും പൂട്ടല്‍ ഭീഷണി നേരിട്ടു. വീഡിയോ ഗെയിമുകളുടെ ദോഷവശങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായി. ജനങ്ങള്‍ക്ക് ഗെയിമുകളില്‍ താല്‍പ്പര്യം കുറഞ്ഞതോടെ ഗെയിം വ്യവസായം തകര്‍ന്നു. പിന്നീട് ഏഴു വര്‍ഷത്തോളം ഗെയിം വിപണി മന്ദഗതിയിലാണു മുന്നോട്ടു പോയത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ വരവോടെ 1990 കള്‍ മുതല്‍ വീഡിയോ ഗെയിം വിപണിവീണ്ടും ഉണര്‍ന്നു തുടങ്ങി.
കണ്‍സോളുകള്‍
ഗെയിം കണ്‍സോളുകളെക്കുറിച്ചു പറഞ്ഞല്ലോ. ഒരു സ്‌ക്രീന്‍ ഉപയോഗിച്ച് വീഡിയോ ഗെയിം കളിക്കാവുന്ന സംവിധാനത്തെയാണ് കണ്‍സോള്‍ എന്നു പറയുന്നത്. ഗെയിമിലെ ദൃശ്യനിയന്ത്രണം നടത്താനായി ജോയ് സ്റ്റിക്, കാട്രിഡ്ജ് തുടങ്ങിയവയും അവശ്യ ഘടകങ്ങളാണ്. സോണിയുടെ പ്ലേ സ്റ്റേഷന്‍, മൈക്രോ സോഫ്റ്റിന്റെ എക്‌സ് ബോക്‌സ് തുടങ്ങിയവ ലോക പ്രശ്‌സ്തമായ ഗെയിം കണ്‍സോളുകളാണ്. 1962ല്‍ രംഗപ്രവേശം ചെയ്ത സ്‌പേസ് വാറിന്റെ വരവോടു കൂടി ഗെയിം കണ്‍സോളുകള്‍ ഉപയോഗിച്ച് കളിച്ചിരുന്ന ഗെയിമുകള്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്കു വഴിമാറി. മറ്റു ഗെയിമുകളേക്കാള്‍ കാര്യക്ഷമതയും വേഗവും കൂടുതലായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇവ പെട്ടെന്നു തന്നെ സ്വീകാര്യമായി.
ഓണ്‍ലൈന്‍ ഗെയിമുകള്‍
ഒറ്റയ്ക്കിരുന്നു ഗെയിം കളിച്ചു മടുത്തപ്പോള്‍ ആണ് സംഘം ചേര്‍ന്ന് കളിപ്പിക്കുന്നതിനെക്കുറിച്ച് ഗെയിം നിര്‍മാണകമ്പനികള്‍ ചിന്തിച്ചു തുടങ്ങിയത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്ന് ഒരേ സമയം കളിക്കാവുന്ന നിരവധി ഗെയിമുകള്‍ ഇന്നു രംഗത്തുണ്ട്. ഇതിനായി പ്രവര്‍ത്തിക്കുന്ന അനേകം വെബ് സൈറ്റുകളും ലഭ്യമാണ്. സോഷ്യല്‍ മീഡിയകളിലൂടെ ഇത്തരം ഗെയിമുകള്‍ കളിക്കുന്നതിനായി കൂട്ടുകാര്‍ക്ക് റിക്വസ്റ്റ് അയക്കുന്നതും പതിവാണ്.
ഗെയിം ഡിസൈനര്‍
ഗെയിം കളിക്കാന്‍ നല്ല രസമാണ്. പക്ഷെ അവ നിര്‍മിക്കാനോ?. ഗെയിം നിര്‍മാണത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് ലോകമെങ്ങും വന്‍ അവസരങ്ങളാണുള്ളത്. ഡോങ്കി കോംഗ് പോലെയുള്ള ഗെയിമുകളുടെ സൃഷ്ടാവായ ഷിഗേരു മിയാമോട്ടോ, സിം സിറ്റി ഗെയിം സൃഷ്ടാവ് വില്‍ റൈറ്റ്, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ സീരീസ് സൃഷ്ടാവ് ഡേവിഡ് ജോണ്‍, മെറ്റല്‍ ഗിയര്‍ സീരിസിലൂടെ ശ്രദ്ധേയനായ ഹിഡിയോ കൊജിമാ, മൈന്‍ ക്രാഫ്റ്റ് ഫെയിം മാര്‍കസ് പേര്‍സണ്‍ തുടങ്ങിയവര്‍ ലോകപ്രശസ്തരായ ഗെയിം ഡിസൈനേഴ്‌സാണ്.
ഗെയിമുകള്‍ പലവിധം
ഇന്നു ലോകത്ത് അനേകം ഗെയിമുകള്‍ ലഭ്യമാണ്. ഗെയിമുകള്‍ വിവിധ വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.
റിയല്‍ കാസിനോ, ഫ്രീ സ്ലോട്ട്, സൈബീരിയന്‍ വോള്‍ഫ് സ്ലോട്ട്, വേഗാസ് സ്ലോട്ട് (സ്ലോട്ട് ഗെയിം) ബബിള്‍ കോക്കോ, ഗിബ്ബറ്റ്, ജെംസ് ഗസ്റ്റ് (പസില്‍ ഗെയിം) ലുഡോ, സ്പിന്‍ ദബോട്ടില്‍, ടിക് ടാക് ടോയി,ചെസ്(ബോഡ് ഗെയിംസ്) റമ്മി, ഇന്ത്യന്‍ റമ്മി (കാര്‍ഡ് ഗെയിം)മോട്ടോര്‍ റേസര്‍ ത്രീഡി, വെക്റ്റര്‍ (റണ്ണര്‍ ഗെയിം) വോക വോക, കാന്‍ഡി ക്രഷ് (മാച്ച് ഗെയിം) ഷാഡോ ഫൈറ്റ്, ഹെഡ് ഷോട്ട് (ആക്ഷന്‍ ഗെയിം) സ്‌കൈ ടോപിയ, സ്‌കൂള്‍ ഓഫ് ഡ്രാഗണ്‍ (അഡ്വഞ്ചര്‍) തുടങ്ങിയ വിവിധ ഗെയിമുകള്‍ കൂട്ടുകാരില്‍ പലര്‍ക്കും സുപരിചിതമായിരിക്കും.
കോള്‍ ഓഫ് ഡ്യൂട്ടി, ഫിഫ, സോള്‍ജിയര്‍ ഓഫ് ഫോര്‍ച്യൂണ്‍, ടെക്കെന്‍, റ്റൂം റെയ്ഡര്‍, ആംഗ്രി ബേഡ്‌സ്, ട്രെയിന്‍ സ്‌റ്റേഷന്‍, ട്രാഫിക് റൈഡര്‍ തുടങ്ങിയവ ലോക പ്രശസ്തമായ ഗെയിമുകളാണ്.
സിനിമയും ഗെയിമും
പല ഗെയിമുകളും സിനിമയായി മാറിയിട്ടുണ്ട്. സിനിമകള്‍ ഗെയിമുകളാകുന്നതും ഇന്നു പതിവാണ്. പ്രിന്‍സ് ഓഫ് പേര്‍ഷ്യ, മോര്‍ട്ടല്‍ കോംബാറ്റ്, ഹിറ്റ് മാന്‍ തുടങ്ങിയവ സിനിമയായി മാറിയ ഗെയിമുകളാണ്. ഗോള്‍ഡന്‍ ഐ,സ്‌പൈഡര്‍ മാന്‍ റ്റു, ബ്ലേഡ് റണ്ണര്‍ തുടങ്ങിയ ഗെയിമുകള്‍ പ്രസിദ്ധമായ സിനിമകളുടെ ചുവടു പിടിച്ച് വന്നതാണ്.
ഈസ്റ്റര്‍ എഗ്
പേരു കേട്ടിട്ട് തിന്നാന്‍ തോന്നുന്നുണ്ടോ. എന്നാല്‍ ഈ പേര് വീഡിയോ ഗെയിമിലെ അറിയപ്പെടാത്ത രഹസ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഗെയിമിലെ കഥാപാത്രങ്ങള്‍ക്ക് എക്‌സ്ട്രാ പവര്‍ ലഭിക്കണം. ഇതിനായി ഗെയിം കളിപ്പിക്കുന്നയാളെ ചിരിപ്പിക്കുന്ന ഉഗ്രന്‍ തമാശകള്‍ കോഡ് രൂപത്തില്‍ ഓരോ ഗെയിമിലും ഒളിപ്പിച്ചു വയ്ക്കാറുണ്ട്. ഇവയെ വിശേഷിപ്പിക്കാന്‍ ആണ് ഈസ്റ്റര്‍ എഗ് എന്ന പദം ഉപയോഗിക്കുന്നത്. ഈസ്റ്റര്‍ എഗ് പൊതുജനങ്ങളിലേക്കു ലഭ്യമാക്കാന്‍ സഹായിക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ ഗെയിം ജീനി ഇതിന് ഉദാഹരണമാണ്.
കഥാപാത്രമാകാം
ഗെയിം കളിക്കുന്നയാള്‍ക്ക് ഗെയിമിലെ കഥാപാത്രമായി മാറാന്‍ കഴിഞ്ഞാല്‍ നല്ല രസമായിരിക്കും അല്ലേ. എന്നാല്‍ ഇത്തരം ഗെയിമുകള്‍ ഇന്നു രംഗത്തുണ്ട്. റോള്‍ പ്ലേയിംഗ് ഗെയിം എന്നാണ് ഇത്തരം ഗെയിമുകള്‍ക്ക് പറയുന്ന പേര്. ഗെയിം കളിക്കുന്നയാള്‍ കഥാപാത്രമായിമാറുന്നതോടെ ഗെയിമിംഗ് അക്ഷരാര്‍ഥത്തില്‍ പോരാട്ടം തന്നെയായി മാറും. ക്രോണാ ടൈഗര്‍, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി തുടങ്ങിയവ റോള്‍ പ്ലേയിംഗ് ഗെയിമിന് ഉദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."