ഫൈസല്‍വധം: സംശയിക്കപ്പെടുന്നവര്‍ പലരും കളത്തിനുപുറത്ത്
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസലിനെ വധിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മുഴുവന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമായി. ഫൈസലിനെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത് മേലേപ്പുറം വിദ്യാനികേതനില്‍ വച്ചാണെന്നു പിടിയിലായ പ്രതികള്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. വിദ്യാനികേതന്റെ മാനേജരുടെ അറിവോടെയാണത്രെ ഇവിടെ യോഗംചേര്‍ന്നത്. പക്ഷേ ഇയാളെ പൊലിസ് വേണ്ടവിധം ചോദ്യം ചെയ്യാത്തതും പ്രതിപട്ടികയില്‍ ഉള്‍പെടുത്താത്തതും ബി.ജെ.പി, ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു. സംഭവശേഷം വെള്ളിയാമ്പുറത്തെ ആര്‍.എസ്.എസ് നേതാവ് മുങ്ങിയതും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വെള്ളിയാമ്പുറം അമ്പലപ്പടിയിലെ രണ്ടുവീടുകളും സ്‌കൂള്‍ പടിയിലെ മൂന്നു വീടുകളും പൂട്ടി വീട്ടുകാര്‍ സ്ഥലംവിട്ടതും കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ എട്ടുപ്രതികളെ അറസ്റ്റ് ചെയ്തു എന്നല്ലാതെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.
അതേസമയം അന്വേഷണസംഘത്തിലെ അഭിപ്രായഭിന്നത കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ 'ഡമ്മി'കളുമായി കേസ് അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ക്ക് ചില അന്വേഷണഉദ്യോഗസ്ഥര്‍ അനുകൂലമാണെന്ന ആക്ഷേപവും ശക്തമാണ്. ഇതിന്റെ ഭാഗമായി മുഖ്യപ്രതികളുടെ സ്ഥാനത്തേക്ക് 'ഡമ്മി' കളുമായി കഴിഞ്ഞദിവസം ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ ഈ നീക്കത്തെ തടഞ്ഞു. ഫൈസലിനെ വധിച്ചത് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് തുടക്കത്തിലേ പൊലിസ് കണ്ടെത്തിയിരുന്നു. കേസില്‍ മൊത്തം 14 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.
ബാക്കിയുള്ള ഗൂഢാലോചന പ്രതികളുടെയും മുഖ്യപ്രതികളുടെയും കൃത്യമായ വിവരങ്ങള്‍ പൊലിസിന്റെ കൈവശമുണ്ട്. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ അജ്ഞാത കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയാണിവരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."