കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി പൂര്‍ണമായി കമ്മീഷന്‍ ചെയ്യണമെന്ന്
പാലക്കാട്: കാഞ്ഞിരപ്പുഴ പദ്ധതി പൂര്‍ണമായി കമ്മീഷന്‍ ചെയ്ത് വെള്ളം ഉടനടി തുറന്നുകൊടുക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് കെ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ കാര്‍ഷിക മേഖലയെ ലക്ഷ്യമിട്ട് രൂപംകൊടുത്ത കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി 1981 ല്‍ ഭാഗികമായി കമ്മീഷന്‍ ചെയ്തിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ജലസേചന കനാലുകളും സബ് കനാലുകളും നിര്‍മിചിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ, തെങ്കര, മണ്ണാര്‍ക്കാട് നഗരസഭ കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളും ഒറ്റപ്പാലം താലൂക്കിലുള്‍പ്പെടുന്ന കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും ഈ പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തിലുള്‍പ്പെടുന്നു. ഈ പഞ്ചായത്തുകളിലെ കൃഷിക്കാരുടെ പ്രധാന ജലവിഭവ സ്രോതസ് ഈ പദ്ധതിയാണ്. കൂടാതെ കുടിവെള്ള ക്ഷാമത്തിന് വലിയൊരു ആശ്വാസവുമാണ് പദ്ധതി. എന്നാല്‍ പദ്ധതി പൂര്‍ണമായി കമ്മീഷന്‍ ചെയ്യാത്തതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായുള്ള ഗുണങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള സഹായം ലഭ്യമാക്കാനും കഴിയുന്നില്ല. കൂടാതെ, ഈ വര്‍ഷം മഴ കുറവായ സാഹചര്യത്തില്‍ പദ്ധതി പ്രദേശത്ത് കൃഷിക്കാര്‍ വെള്ളം ലഭ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതിനാല്‍ കൃത്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിനും ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടു.
ഡിസംബര്‍ ഏഴിന് രാവിലെ 10ന് കാഞ്ഞിരപ്പുഴ ഡാം സൈറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, അതത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ അടിയന്തിര യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."