ബൈക്കപകടത്തില്‍ യുവാക്കളുടെ മരണം: എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കൊട്ടാരക്കര: ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടത്തിനു കാരണമായ വാഹനം കണ്ടെത്തണെമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കര്മ്മസമിയുടെ നേതൃത്വത്തില്‍ റൂറല്‍ എസ്.പി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് രാത്രി പത്തരയോടെയാണ് യുവാക്കളെ മൈലം മുട്ടമ്പലത്തിനു സമീപം വച്ച് അജ്ഞാത വാഹനം ഇടിച്ചിട്ടത്. അപകടത്തില്‍ കൊട്ടാരക്കര നീലേശ്വരം സ്വദേശി സുമിത് ക്രിസ്റ്റി (20), പുലമണ്‍ സ്വദേശി അരുണ്‍ രാജ് (23) എന്നിവരായിരുന്നു മരിച്ചത്. എന്നാല്‍ സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
വാഹനം കണ്ടെത്താന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും ഇവരെ പിന്നീട് ഈ ചുമതലയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. മറ്റു ചില കാരണങ്ങളാലാണ് ഇവരെ ഒഴിവാക്കിയതെന്നും അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണെന്നുമാണ് പൊലിസ് ഭാഷ്യം. കുടുംബാംഗങ്ങളും മരിച്ച യുവാക്കളുടെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ കര്‍മ്മ സമിതി രൂപീകരിച്ചിട്ടുള്ളത്. പുലമണ്‍ കോളജ് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഹൈസ്കൂളിനു സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നഗരസഭാ കൗണ്‍സിലര്‍ എസ്.ആര് രമേശ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ കൗണ്‍സിലര്‍മാരായ ഡി.രാമകൃഷ്ണപിള്ള , നെല്‍സണ്‍ തോമസ്, പവിജാ പത്മന്, പഞ്ചായത്ത് മെമ്പര്‍ സിന്ധു യശോദരന്, ഷിജു പടിഞ്ഞാറ്റിന് കര എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് പെരുങ്കുളം ദിലീപ് അജോ അലക്സ് , ഷിബിന്‍, ആദിത്, സുബിന്, സുജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."