ഹരിതകേരളം പദ്ധതി ഉദ്ഘാടനം എട്ടിനു നീലേശ്വരത്ത്
കാസര്‍കോട്: സമഗ്ര കേരള വികസനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ജനപങ്കാളിത്തോടെ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ഉദ്ഘാടനം എട്ടിനു നീലേശ്വരത്തു നടക്കുമെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീലേശ്വരം നഗരസഭയിലെ ചിറ ശുചീകരിച്ച് ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും.
പരിസര ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും, കാര്‍ഷിക വികസനം എന്നിവയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ പഞ്ചായത്തടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സഹായത്തോടെ ജില്ലാ തലത്തില്‍ മേല്‍നോട്ട സമിതി രൂപീകരിച്ചു.
ജില്ലയിലെ 48 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കായി മൂന്നു നഗരസഭകളിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ വീതവും രണ്ടു ഗ്രാമപഞ്ചായത്തുകള്‍ക്കു ഒരു ഉദ്യോഗസ്ഥന്‍ വീതവുമാണ് നിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറു ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും ചുമതല നല്‍കി.
എഡി.എം ജില്ലാതലത്തിലും ഏകോപനം നടത്തും. ചെറുകിട ജലസേചനം, ജല വിഭവം, ജല അതോറിറ്റി, ദാരിദ്ര്യലഘൂകരണം, ശുചിത്വ മിഷന്‍, തൊഴിലുറപ്പ് പദ്ധതി, കൃഷി എന്നീ വകുപ്പുകള്‍ നടത്തു പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് മൂന്നിനും മറ്റു വകുപ്പുകള്‍ അഞ്ചിനും കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. എട്ടിനു ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ പ്രചരണാര്‍ഥം അഞ്ചിനു ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."