ട്രഷറികളില്‍ പണമെത്തി; തിരക്കൊഴിഞ്ഞു
കോഴിക്കോട്: ആദ്യദിനത്തെ പ്രയാസത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ ജില്ലയിലെ ട്രഷറികളില്‍ തിരക്കൊഴിഞ്ഞു. ആവശ്യത്തിനു പണമെത്തിയതിനാല്‍ എല്ലാം അസ്ഥാനത്തായി. ഇന്നലെയും അതിരാവിലെത്തന്നെ ആളുകള്‍ ജില്ലാ ട്രഷറിയിലെത്തിയിരുന്നു. ഉച്ചയോടെ ആദ്യഘട്ടത്തിലെത്തിച്ച പണം തീര്‍ന്നെങ്കിലും വീണ്ടും പണമെത്തിച്ച് വിതരണം സുഗമമായി നടന്നു.
പല സബ്ട്രഷറികളിലേക്കും ആവശ്യപ്പെട്ട തുക തന്നെ ലഭിച്ചു. പേരാമ്പ്ര, മുക്കം തുടങ്ങിയ സബ് ട്രഷറികളിലാണ് മതിയായ പണം ലഭിക്കാതിരുന്നത്. കോര്‍ ബാങ്കിങ് സംവിധാനമുള്ളതിനാല്‍ ജനങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടായില്ല. സമീപത്തുള്ള ട്രഷറികളില്‍പ്പോയി ആളുകള്‍ പെന്‍ഷന്‍ വാങ്ങി.
സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രഷറിയില്‍ വൈകിട്ട് നാലു വരെ തിരക്കുണ്ടായിരുന്നെങ്കിലും അതിനു ശേഷം വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് എത്തിയത്. മാനാഞ്ചിറയിലേയും പുതിയറിലേയുമെല്ലാം സബ് ട്രഷറികളിലും തിരക്ക് വളരെ കുറവായിരുന്നു. ഉച്ചയ്ക്കു ശേഷം കുറഞ്ഞ ആളുകള്‍ മാത്രമാണ് ഇവിടെ പെന്‍ഷന്‍ വാങ്ങാനെത്തിയത്. 24,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂ എന്ന നിബന്ധനയക്കെതിരേ ആളുകളില്‍ നിന്ന് മുറുമുറുപ്പുയരുന്നുണ്ട്. ഇതിനു പുറമെ ചില്ലറ ലഭിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. പെന്‍ഷന്‍ വാങ്ങാനെത്തിയവര്‍ക്കെല്ലാം 2,000ത്തിന്റെ നോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ കടകളിലൊന്നും 2,000ത്തിന്റെ നോട്ട് സ്വീകരിക്കാത്തതിനാല്‍ ഇതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെയാണ് പലരും ട്രഷറികളില്‍ നിന്നു മടങ്ങിയത്.
എല്ലായിടത്തും ആവശ്യത്തിന് പണമുണ്ടെന്നും ഇനിയും പെന്‍ഷന്‍ വാങ്ങാത്തവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പതിവുപോലെ പെന്‍ഷന്‍ കൈപ്പറ്റാമെന്നും ജില്ലാ ട്രഷറി ഓഫിസര്‍ ഇന്ദിര സുപ്രഭാത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."