ശരീഅത്ത് വിരുദ്ധ നീക്കം: ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത
തൊടുപുഴ: ഇസ്‌ലാമിക ശരീഅത്തിനെതിരേ കേരളത്തിലെ ചില വനിതാ സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ ശരീഅത്ത് നിന്ദയാണെന്നും ഇത്തരം നടപടിയ്‌ക്കെതിരെ സമുദായം ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത കോ ഓഡിനേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇസ്ലാമിക വിവാഹ മോചനവും ബഹുഭാര്യത്വവും നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ചില വനിതാ സംഘടനകള്‍ ഒപ്പുശേഖരണം ആരംഭിച്ചിട്ടുള്ളത്. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ സഹായിക്കുന്ന നിലപാടാണിത്. ഇത്തരം നീക്കങ്ങളില്‍ നിന്നും മതേതര ശക്തികള്‍ പിന്മാറണം. ഇസ്‌ലാമിക ശരീഅത്ത് ദൈവീകമായതിനാല്‍ ശരീഅത്ത് സംരക്ഷണം സമുദായ ബാധ്യതയാണ്.
സ്തീ സുരക്ഷയും സംരക്ഷണവും ശരീഅത്തിലെ സുപ്രധാന ഘടകങ്ങളാണ്. ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നതിനെതിരെയുള്ള നീക്കങ്ങളും ശരീഅത്ത് നിയമങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവും ഭരണഘടനാ വിരുദ്ധമാണ്. ശരീഅത്തിനെതിരെ ചിലര്‍ നടത്തിവരുന്ന ഒപ്പുശേഖരണവുമായി സഹകരിക്കരുതെന്നും സമസ്ത നേതാക്കളായ സി.എ. ഹൈദര്‍ ഉസ്താദ് കുന്നം, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ കബീര്‍ റഷാദി, ഹനീഫ് കാശിഫി, കെ.എച്ച് ഷാജഹാന്‍ മൗലവി, കെ.എച്ച് അബ്ദുല്‍ കരീം മൗലവി, എം.എസ്.ഹാഷിം ബാഖവി, പി.ഇ.മുഹമ്മദ് ഫൈസി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."