എന്താണ് പഠന വൈകല്യം
പഠന വൈകല്യം എന്നു പറയുന്നത് ഒരു കുട്ടിയുടെ നല്ല കഴിവുകളും അവന്റെ താഴ്ന്ന പഠന നിലവാരവും തമ്മിലുള്ള അന്തരമാണ്. ഭാഷ പ്രയോഗിക്കുന്നതിലോ, മനസിലാക്കുന്നതിലോ ഉള്ള ബുദ്ധിമുട്ട് കാരണം ശ്രദ്ധിക്കുന്നതിലോ സംസാരിക്കുന്നതിലോ വായിക്കുന്നതിലോ എഴുതുന്നതിലോ കഴിവുകുറവു കാണിക്കുന്ന അവസ്ഥയാണ് പഠന വൈകല്യം.
പഠനത്തിലെ പിന്നോക്കാവസ്ഥയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. കാഴ്ചയിലോ കേള്‍വിയിലോ നേരിടുന്ന പ്രയാസം, Epilespy മുതലായ ശാരീരിക കാരണങ്ങളും, അമിതമായ ഉല്‍ക്കണ്ഠ, വിഷാദം മുതലായ വൈകാരിക പ്രശ്‌നങ്ങളും, ജീവിത സാഹചര്യങ്ങളിലുള്ള വിവിധ കാരണങ്ങളും സാമൂഹിക പ്രശ്‌നങ്ങളും എല്ലാം പഠന വൈകല്യം ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ബുദ്ധിശക്തിയുടെ കുറവു മൂലമുള്ള പഠന പിന്നോക്കാവസ്ഥയെ പഠന വൈകല്യമായി കണക്കാക്കാനാവില്ല.
ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധി (IQ>70) പ്രകടിപ്പിക്കുന്ന കുട്ടികളിലാണ് പഠന വൈകല്യം കാണപ്പെടുന്നത്. ഇവയ്‌ക്കെല്ലാം പുറമേ മസ്തിഷ്‌ക്ക സംബന്ധമായ മറ്റു തകരാറുകളും പഠന വൈകല്യത്തിനു കാരണമാകാം.
അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍ (ADHD -ശ്രദ്ധ കേന്ദ്രീകരിക്കുവാനും അടങ്ങിയിരിക്കുവാനുമുള്ള തലച്ചോറിന്റെ കഴിവു കുറവ്) ഇത്തരം കുട്ടികള്‍ക്ക് ഏകാഗ്രതയോടെ തുടര്‍ച്ചയായി ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാനാവില്ല.
പഠന വൈകല്യം ജനിതകപരമായ ഘടകങ്ങള്‍ മൂലവും ലഭിക്കാന്‍ ഇടയുണ്ട്. ഗര്‍ഭകാലത്തും പ്രസവ സമയത്തും പ്രസവാനന്തരവുമുണ്ടാകുന്ന അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം, വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്ത് കുട്ടിയുടെ തൂക്കക്കുറവ്, കുട്ടിയുടെ തലയ്ക്കുണ്ടാകുന്ന ക്ഷതങ്ങള്‍, പോഷകാഹാരക്കുറവ് മുതലായ കാരണങ്ങള്‍ മസ്തിഷ്‌ക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇത് ബുദ്ധിമാന്ദ്യമില്ലാതെ തന്നെ പഠന വൈകല്യങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നു.
വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങളുണ്ട്. വായനയില്‍ നേരിടുന്ന ബുദ്ധിമുട്ട് (dyslexia), സ്‌പെല്ലിംഗിലും എഴുത്തിലുമുള്ള ബുദ്ധിമുട്ട് (dysgraphia), കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ളള പ്രയാസം (dyscalculia), എല്ലാ മേഘലകളിലും കാര്യങ്ങള്‍ ഏകീകരിച്ച് ചെയ്യുവാനുള്ള ബുദ്ധിമുട്ട് (dyspraxia) മുതലായവയാണ് പഠന വൈകല്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പലപ്പോഴും കുട്ടിക്ക് പഠന വൈകല്യം ഉണ്ടോയെന്ന് ആദ്യം കണ്ടുപിടിക്കാന്‍ സാധിക്കുന്നത് അധ്യാപകര്‍ക്കാണ്. വായന, എഴുത്ത്, വാക്കുകളുടെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കുവാനായി പാടുപെടുന്ന ഒരു കുട്ടിയെ വേഗത്തില്‍ തിരിച്ചറിയാന്‍ ഒരു അധ്യാപകന് സാധിക്കും.
പഠിക്കുവാന്‍ ആരംഭിക്കുന്ന ഒരു കുട്ടി (LKG, UKG) പഠന പ്രക്രിയകളുമായി മല്ലിടുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുതിര്‍ന്ന ക്ലാസുകളിലേയ്ക്ക് പോകുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ കുട്ടിക്ക് നേരിടുന്നുവെങ്കില്‍ ആ കുട്ടിക്ക് പഠന വൈകല്യം ഉണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. ഏകദേശം ഏഴു വയസാകുമ്പോഴേയ്ക്കും കുട്ടികള്‍ പഠനത്തില്‍ അടിസ്ഥാനപരമായ കാര്യക്ഷമത നേടും.
എന്നാല്‍ ഏഴു വയസിനു ശേഷവും കുട്ടി പഠനത്തില്‍ ബുദ്ധിമുട്ടു കാണിക്കുകയാണെങ്കില്‍ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ശാരീരിക നാഡീ സംബന്ധമായ പരിശോധനകള്‍, മനശാസ്ത്ര പരിശോധനകള്‍, സംസാരം, ഭാഷ എന്നിവയുടെ പരിശോധനകള്‍ തുടങ്ങിയ സമഗ്രമായ പരിശോധനകള്‍ കുട്ടിയുടെ ഓരോ പഠന നൈപുണ്യങ്ങളിലുമുള്ള നിലവാരത്തെക്കുറിച്ചും വൈകല്യത്തിന്റെ തോതിനെക്കുറിച്ചുമുള്ള വ്യക്തമായ ഒരു ചിത്രം നല്‍കും.
കഴിയുന്നത്ര നേരത്തെ പഠന വൈകല്യം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുള്ളള പ്രയോജനങ്ങള്‍ പലതാണ്. ഇത് കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്താനും, രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസം നല്‍കാനും അധ്യാപകരുടെ ജോലി സുഗമമാക്കാനും സഹായിക്കും.
പഠനവൈകല്യം ജീവിതാവസാനം വരെ തുടരുന്ന അവസ്ഥയാണ്. എന്നാല്‍ കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും അതുമായി പൊരുത്തപ്പെട്ടു പോകാനുമുള്ള കഴിവുകള്‍ കുട്ടിക്ക് ശരിയായ ദീര്‍ഘകാല പരിഹാര പരിശീലനത്തിലൂടെ (Remedial Training) നേടിയെടുക്കുവാന്‍ സാധിക്കും. രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനുവേണ്ടി ഒന്നുചേര്‍ന്ന് പരിശ്രമിക്കണം.
ഈ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നുള്ളതാണ് അധ്യാപകരുടേയും മാതാപിതാക്കളുടേയും ഏറ്റവും വലിയ കര്‍ത്തവ്യം.
കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അത് ഉപയോഗിക്കാവുന്ന തൊഴില്‍ ഉന്നത വിദ്യാഭ്യാസ മേഖലകളിലേയ്ക്ക് കുട്ടിയെ തിരിച്ചുവിടാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."