ശമ്പളമില്ല; എങ്ങനെ മുന്നോട്ടുപോകും
കോഴിക്കോട്: വലിയ നോട്ടുകള്‍ മാറ്റിയെടുക്കാനായി സര്‍ക്കാര്‍ ജീവനക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ ഒരു മാസം പണിയെടുത്ത ശമ്പളം എന്നുകിട്ടുമെന്നറിയാതെ ആശങ്കയിലാണ് ജില്ലയിലെ സ്വകാര്യ മേഖലയിലെ ആയിരക്കണക്കിനു തൊഴിലാളികള്‍. 'എല്ലാ ദിവസവും രാവിലെ 30 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഞാന്‍ ജോലിക്കെത്തുന്നത്, യാത്രാകൂലിയായി തന്നെ ഒരു ദിവസം അന്‍പത് രൂപ വേണം. പിന്നെ രണ്ടു നേരം ഭക്ഷണവുമാകുമ്പോള്‍ ഒരു ദിവസം ചിലവ് 100 രൂപയ്ക്ക് മുകളിലാകും. കൈയിലുള്ള പണം തീര്‍ന്നു, സാധാരണ രണ്ടിനോ മൂന്നിനോ ശമ്പളം കിട്ടുന്നതായിരുന്നു, ഇനി എന്നു കിട്ടുമെന്നറിയില്ല.' കോഴിക്കോട് നഗരത്തിലെ ഒരു ടെക്സ്റ്റയില്‍ ഷോപ്പിലെ ജീവനക്കാനായ അനൂപ് തന്റെ ദുഃഖം പങ്കുവയ്ക്കുന്നു.
അനൂപിന്റെ ഭാര്യയ്ക്കും വീടിനടുത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. അവര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല, അതിനാല്‍ കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഓട്ടോക്കാരനുള്ള കാശ്, വീട്ടു ചെലവിനുള്ള പണം. എല്ലാം ഇപ്പോള്‍ മുന്‍പിലുള്ള വലിയ പ്രതിസന്ധിയാണ്. ഇത് അനൂപിന്റെ മാത്രം അവസ്ഥയല്ല. മാധ്യമങ്ങളെല്ലാം സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പ്രതിസന്ധി മാത്രം ചര്‍ച്ച ചെയ്യുമ്പോള്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ ചെയ്ത് ജീവിതം പുലര്‍ത്തുന്ന ആയിരങ്ങളുടെ കാര്യമാണ് കാണാതെ പോകുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല സ്വകാര്യ സ്ഥാപനങ്ങളിലും കഴിഞ്ഞ മാസം പകുതി മുതല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഈ മാസം മുതല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. പിരിച്ചുവിട്ടിട്ടില്ലെങ്കിലും നിര്‍ബന്ധിത അവധിയിലാണ് പലരും.
ടെക്സ്റ്റയില്‍ മേഖലയിലും നിര്‍മാണ വസ്തുക്കളുടെ വില്‍പന നടക്കുന്ന സ്ഥാപനങ്ങളിലുമാണ് തൊഴില്‍ പ്രതിസന്ധി രൂക്ഷം. ഇവിടങ്ങളിലെ വ്യാപാരം നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെയാണ് ഇടിഞ്ഞത്. പലയിടത്തും 80 ശതമാനം കച്ചവടമാണ് കുറഞ്ഞത്. ഹോട്ടലുകളിലും വ്യാപാരം വന്‍തോതില്‍ കുറഞ്ഞു. അതിനാല്‍ ഇവിടെയും പല തൊഴിലാളികളും ഇപ്പോള്‍ പുറത്താണ്. ഒരാഴ്ച ഇരുപത്തിനാലായിരം രൂപ വരെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാമെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാസാരംഭത്തില്‍ ബാങ്കുകളില്‍ എത്തുമ്പോള്‍ ഇതില്‍ പകുതി മാത്രം ഒരു മാസം ശമ്പളം ലഭിക്കുന്ന സ്വകാര്യമേഖലയിലെ മിക്ക തൊഴിലാളികളും അത് എന്നു കിട്ടുമെന്നറിയാതെ കാത്തിരിപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."