ചെറുവണ്ണൂര്‍-നല്ലളം വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു
ഫറോക്ക്: ചെറുവണ്ണൂര്‍-നല്ലളം വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു. പദ്ധതി ജനകീയ പങ്കാളിത്തത്തോടെ അടുത്ത വര്‍ഷമാദ്യം പ്രാവര്‍ത്തികമാക്കാന്‍ വി.കെ.സി മമ്മദ്കോയ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് ചെറുവണ്ണൂര്‍ സ്രാമ്പ്യക്കു സമീപം പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസ് പൂര്‍ണമായി നവീകരിക്കും.
ഓഫിസ് സ്മാര്‍ട്ടാകുന്നതോടെ പൊതുജനങ്ങള്‍ക്കു മുഴുവന്‍ സേവനങ്ങളും കാലതാമസമില്ലാതെ ലഭ്യമാകും. പദ്ധതിയുടെ മുന്നൊരുക്കമെന്ന നിലയില്‍ 2016-17 കാലത്തെ നികുതി രശീതുകളുടെ ഓഫിസ് കോപ്പി ഡാറ്റാ എന്‍ട്രിയിലുടെ ശേഖരിച്ചു കരട് തണ്ടപ്പേര് രജിസ്റ്റര്‍ തയാറാക്കും. ഇതിലേക്കു നടപ്പു സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി എല്ലാവരില്‍ നിന്നും ഉടന്‍ ശേഖരിക്കും. വിവരം ജനങ്ങളെ അറിയിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് വില്ലേജ് ഓഫിസ് ജനകീയ പങ്കാളിത്തത്തോടെ സ്മാര്‍ട്ടാക്കുന്നത്. വില്ലേജ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കോര്പറേഷന് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സി രാജന്, കൗണ്‍സിലര്‍മാരായ സയ്യിദ് എസ്.വി മുഹമ്മദ് ഷമീല്‍, ശ്രീജ ഹരീഷ്, കെ.എം റഫീഖ്, ചെരാല്‍ പ്രമീള, വിവിധ സംഘടനാ പ്രതിനിധികളായ പുല്ലോട്ട് ബാലകൃഷ്ണന്, പുതുക്കുടി റഷീദ്, വില്ലേജ് ഓഫിസര്‍ പി.എം റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."