കാലം തെറ്റിയ മഴ; നെഞ്ചിടിപ്പോടെ കര്‍ഷകര്‍
പനമരം: കാലം തെറ്റിയ മഴ നെല്‍കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റുന്നു. രണ്ടു ദിവസമായി ആകാശം മേഘാവൃതമായതും ജില്ലയിലെ വിവിധയിടങ്ങളില്‍ പെയ്ത ചാറ്റല്‍ മഴയുമാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. കൊയ്തിട്ട കതിരുകള്‍ വെള്ളത്തിലായാല്‍ ഇത്തവണത്തെ വിളവെടുപ്പും കര്‍ഷകര്‍ക്ക് കണ്ണീരിന്റേതാകും.
കാലാവസ്ഥാ വ്യതിയാനം മൂലം കാലവര്‍ഷത്തില്‍ പോലും കൃത്യമായി മഴ ലഭിക്കാതായതോടെ ഇലക്ട്രിക്ക്, ഡീസല്‍ മോട്ടോറുകളും ഉപയോഗിച്ചാണ് കര്‍ഷകര്‍ ഇത്തവണ പാടത്ത് വെള്ളമെത്തിച്ചതും നെല്‍കൃഷിയിറക്കിയതും. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ജില്ലയിലെ പാടങ്ങളിലും നെല്‍കൃഷി കരിഞ്ഞുണങ്ങിയിരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യവും കര്‍ഷകര്‍ക്ക് ദുരിതമായിരുന്നു. ഇതിന് പുറമേയാണ് കര്‍ഷകരുടെ നെഞ്ചിടിപ്പേറ്റി മഴയുമെത്തുന്നത്. നെല്‍കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നെല്‍പാടങ്ങളുള്ള കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളില്‍ ഇത്തവണ ഹെക്ടര്‍ കണക്കിന് വയലിലാണ് പുഞ്ചക്കൃഷിയിറക്കിയത്. പാരമ്പര്യ കര്‍ഷകര്‍ക്ക് പുറമേ ജനകീയ കൂട്ടായ്മകളും ക്ലബുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം ഇത്തവണ ജില്ലയില്‍ നെല്‍കൃഷിയിറക്കിയിരുന്നു.
വിളഞ്ഞ നെല്ല് കുറേ ഭാഗം ഉപയോഗശൂന്യമാണ്. ഒരിക്കല്‍ നെല്ല് കൊയ്താല്‍ 40 ക്വിന്റല്‍ വരെ കിട്ടുന്നിടത്ത് കാലാവസ്ഥ വ്യതിയാനം കാരണം ഇതിന്റെ പകുതി മാത്രമേ ലാഭിക്കുന്നുള്ളുവെന്ന് കര്‍ഷകനായ ചീക്കല്ലൂരിലെ രാജന്‍ പറയുന്നു. ഈ പ്രദേശത്ത് 150 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി ചെയ്തിട്ടുണ്ട്.
ഒരു ഏക്കര്‍ കൃഷിയെടുക്കാന്‍ 30000 രുപയാണ് ചെലവ് വരുന്നത്. മഴ ശക്തമായാല്‍ ചെലവായതിന്റെ പകുതി പോലും ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."