നടുവിലിലെ വാട്ടര്‍ ടാങ്ക് ഈമാസം പൊളിച്ചു നീക്കും
തളിപ്പറമ്പ്: വിവാദമായ നടുവില്‍ വാട്ടര്‍ ടാങ്ക് ഈമാസം തന്നെ പൊളിച്ചു നീക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍. ഇതിന്റെ ടെണ്ടര്‍ രണ്ടാം തിയതി നല്‍കിയെന്നും വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു. എം.എല്‍.എ കെ.സി ജോസഫിന്റെ പ്രതിനിധി പി.വി നാരായണന്‍ നമ്പ്യാരാണ് വിഷയം വികസന സമിതി മുമ്പാകെ ഉന്നയിച്ചത്. വരള്‍ച്ച നേരിടുന്നതിനു റവ ന്യൂ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ എ ശ്രീവല്‍സന്‍ അറിയിച്ചു.
വരള്‍ച്ച രൂക്ഷമായ വാര്‍ഡുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍, നിലവിലുള്ള കിയോസ്‌കുകള്‍ മാലിന്യമുക്തമാക്കല്‍, കിണര്‍ റീച്ചാര്‍ജിങ്, ജലാശയങ്ങളുടെ സംരക്ഷണം, കേടായ കുഴല്‍കിണറുകളുടെ അറ്റകുറ്റപ്പണി, തടയണ നിര്‍മാണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.
ചപ്പാരപ്പടവ്-വിമലശേരി-തേര്‍ത്തല്ലി 13 കിലോമീറ്റര്‍ റോഡില്‍ 5.7 കിലോമീറ്റര്‍ മെക്കാഡം ടാറിങ് പൂര്‍ത്തിയാക്കി. ബാക്കി ജോലിക്ക് 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ടെണ്ടര്‍ ചെയ്യുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനിയര്‍ അറിയിച്ചു.
മുക്കണ്ണി തോടിന് പാര്‍ശ്വഭിത്തി പണിയുന്നതിന് മൈനര്‍ ഇറിഗേഷന്‍ വിഭാഗം 2009ല്‍ തന്നെ 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും ഇതിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തളിപ്പറമ്പ് -ചപ്പാരപ്പടവ്-തേര്‍ത്തല്ലി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് അവസാനത്തെ ട്രിപ്പ് നഷ്ടമായതിനാല്‍ റദ്ദാക്കിയിട്ടുണ്ടെന്നും മറ്റ് ട്രിപ്പുകളെല്ലാം മുടക്കംകൂടാതെ സര്‍വിസ് നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി പ്രതിനിധി അറിയിച്ചു.
ശ്രീകണ്ഠപുരം അയ്യപ്പന്‍കാവിനു സമീപം റോഡില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി റോഡിലും ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡിലും ഓവുചാലുകള്‍ പണിയാനുള്ള എസ്റ്റിമേറ്റ് തയാറായിക്കഴിഞ്ഞുവെന്നും ടെണ്ടര്‍ ചെയ്യുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നും പി.ഡബ്ല്യു.ഡി അറിയിച്ചു.
സെന്‍സസ് ജോലികള്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ വേതനം നല്‍കുന്നില്ലെന്ന പരാതിയില്‍ ലേബര്‍ വകുപ്പ് അവശ്യമായ നടപടികള്‍ സ്വീകരിച്ചു. കുടിശികയുള്ള 6500 രൂപ ഉടന്‍ നല്‍കാനും പ്രതിദിനം 300 രൂപ വേതനം നല്‍കാനും തീരുമാനമായി. കോട്ടൂര്‍-കണിയാര്‍വയല്‍ റോഡ് തകര്‍ന്നത് അടിയന്തിരമായി 10 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണി നടത്തും.
കെ.സി ജോസഫിന്റെ പ്രതിനിധി പി.വി നാരായണന്‍ നമ്പ്യാരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. തഹസില്‍ദാര്‍ എ ശ്രീവല്‍സന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.വി കൃഷ്ണരാജ്, എം മാനസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."