കൊല്ലയില്‍ പഞ്ചായത്തിലെ നടീല്‍ ഉത്സവം ശ്രദ്ധേയം
തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ ഉദ്ഘാടനത്തിന് ജില്ലയില്‍ നിരവധി ജലസംരക്ഷണ, ശുചീകരണ, കാര്‍ഷിക പദ്ധതികള്‍. ഉദ്ഘാടനദിവസമായ ഡിസംബര്‍ എട്ടിന് കൊല്ലയില്‍ പഞ്ചായത്തിലെ 16 ഹെക്ടര്‍ സ്ഥലത്ത് നടത്തുന്ന നടീല്‍ ഉത്സവമാണ് ഇതില്‍ ശ്രദ്ധേയം.
പച്ചക്കറികൃഷിക്ക് കൃഷി വകുപ്പ് വ്യത്യസ്തമായ പരിപാടികളാണ് നടപ്പാക്കുന്നത്. മൂന്നു ലക്ഷം വിത്തുപാക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ വഴി വിതരണം ചെയ്യും. ജലസേചന സൗകര്യമുള്ള എല്ലാ സ്‌കൂളുകളിലും പച്ചക്കറി കൃഷി നടത്തും. 62,000 മഴക്കുഴികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഹരിതകേരളം പരിപാടിയുടെ പ്രചാരണാര്‍ഥം ഡിസംബര്‍ അഞ്ചിന് വിളംബര ജാഥകള്‍ നടക്കും.
പഞ്ചായത്തു ഭരണസമിതികളുടെ നേതൃത്വത്തില്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ഹരിതകേരളം പരിപാടിക്കുള്ള സംഘാടക സമിതികള്‍ രൂപീകരിച്ചു. വിളംബര ജാഥയിലും പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിലും ജനപ്രതിനിധികള്‍ക്കു പുറമെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറേറ്റില്‍ സബ് കലക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നോഡല്‍ ഓഫിസറായി മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് സെല്ലിന്റെയും ബി.ഡിഒമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഹരിതകേരളം പരിപാടിയുടെ നടത്തിപ്പ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിച്ചതായി കലക്ടര്‍ വിലയിരുത്തി.
പദ്ധതികള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് താഴേതലം വരെ ഉദ്യോഗസ്ഥര്‍ക്ക് ഫലപ്രദമായ നിര്‍ദേശങ്ങള്‍ നല്‍കണം. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങളും. ബി.ഡി.ഒമാര്‍ ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."