ശ്രവണവൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ തുക വകയിരുത്തും: ധനമന്ത്രി
ആലപ്പുഴ:ശ്രവണവൈകല്യമുള്ള ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ഇവര്‍ക്കായുള്ള ധനസഹായവും വര്‍ധിപ്പിക്കും. പൂര്‍ണമായും കേള്‍വിശക്തി നഷ്ടപ്പെട്ട ശേഷം ശസ്ത്രക്രിയയിലൂടെ കേള്‍വിയും സംസാരവും ലഭിച്ചവരുടെ കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റ് ഫാമിലി മീറ്റ് 2016 വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് 'നിശബ്ദ ലോകത്തേക്ക് മടങ്ങാന്‍ 1800 കുട്ടികള്‍'എന്ന തലക്കെട്ടില്‍ ഇന്നലെ സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരു കെയര്‍ സമൂഹമായി മാറണമെങ്കില്‍ ഭിന്നശേഷിക്കാരുടെ അവസ്ഥ മാറേണ്ടതുണ്ട്. കുറച്ച് നാളായി ഈ മേഖലയെകുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഇവര്‍ പഠിക്കുന്ന സ്‌കൂളുകളുടെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. മന്ത്രി പറഞ്ഞു.
ഭിന്നശേഷിയില്‍ നിന്നും കാര്യശേഷിയിലേക്ക് എന്ന ആശയവുമായാണ് ആലപ്പുഴ ടൗണ്‍ഹാളില്‍ സംഗമം സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം 1500 പേരാണ് പങ്കെടുക്കാന്‍ എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം കേള്‍വിശക്തി നിലനിര്‍ത്തുന്നതിനായി കോക്ലിയര്‍ ഉപകരണങ്ങള്‍ക്ക് വേണ്ടി വരുന്ന ഭീമമായ ചെലവ്, കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവ സമൂഹത്തിന് കാട്ടികൊടുക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിട്ടത്. പ്രോഗ്രാം ചെയര്‍മാന്‍ ബിജു അവന്തിക ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ മുഖ്യാഥിതി ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."