ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുള്ള മങ്കര റെയില്‍വേ സ്റ്റേഷനു റെഡ് സിഗ്നല്‍
മങ്കര: ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന സര്‍ സി. ശങ്കരന്‍ നായരെ കാത്ത് പാലക്കാട് മങ്കരയിലെ റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവണ്ടി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായി കണക്കാക്കുന്ന മങ്കര റെയില്‍വേ സ്റ്റേഷന് റെഡ് സിഗ്നല്‍.
2017 മാര്‍ച്ച് 31 ന് റെയില്‍വേ സ്റ്റേഷന്‍ അടച്ചു പൂട്ടുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി സ്റ്റേഷനുമുന്നില്‍ ഇന്റര്‍മീഡിയ ബ്ലോക്ക് പോസ്റ്റ് സിഗ്നല്‍ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒരു നൂറ്റാണ്ടോളം പ്രായം കണക്കാക്കുന്ന റെയില്‍വേ സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതോടെ ചരിത്രത്തിന്റെ ഭാഗമാകും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏകമലയാളി പ്രസിഡന്റ് സര്‍.സി.ശങ്കരന്‍നായര്‍ക്ക് വൈസ്രോയി നിര്‍മിച്ചു നല്കിയതാണ് ഈ റെയില്‍വേ സ്റ്റേഷന്‍.
സ്റ്റേഷന്‍ അവസാനിപ്പിച്ച് പറളി, ലക്കിടി സ്റ്റേഷനുകളില്‍ നിന്ന് മങ്കര തീവണ്ടി സ്റ്റോപ്പ് നിയന്ത്രിക്കുന്നതിനുള്ള ഇന്റര്‍മീഡിയ ബ്ലോക്ക് പോസ്റ്റ് സംവിധാനത്തിന്റെ പാനല്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥിതിക്ക് അടിയന്തിര ഇടപെടലുകള്‍ വഴി മാത്രമേ സ്റ്റേഷനെ നിലനിര്‍ത്താനാകൂ. മൂന്നു കോടി ചെലവിനുള്ള സിഗ്നല്‍ പാനല്‍ റിലേ റൂം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പിന്നെ സ്റ്റേഷനു താഴുവീഴുമെന്ന് ഉറപ്പാണ്.
നാലു സ്റ്റേഷന്‍ മാസ്റ്റര്‍, നാലു ട്രാഫിക് സ്റ്റാഫ് എന്നിവരെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റും. കോയമ്പത്തൂര്‍- മംഗലാപുരം, ഷൊര്‍ണൂര്‍ -കോയമ്പത്തൂര്‍ മെമു പാസഞ്ചറുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. സ്റ്റേഷന്‍ ഇല്ലാതാകുന്നതോടെ സീസണ്‍ യാത്രക്കാരും കഷ്ടത്തിലാകും. ടിക്കറ്റ് കൗണ്ടര്‍ ഇല്ലാതാകുന്നതോടെ കരാര്‍ അടിസ്ഥാനത്തിലാകും ടിക്കറ്റ് വില്‍പന.
പ്രതിദിനം 1600 മുതല്‍ രണ്ടായിരം രൂപ വരെയാണ് ഇവിടെ വരുമാനം ലഭിക്കുന്നത്. ലാഭകരമല്ലെന്ന പേരിലാണ് സ്റ്റേഷന്‍ നിര്‍ത്തലാക്കുന്നത്. ഇങ്ങനെ ലാഭകരമല്ലാത്ത മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളും അടച്ചുപൂട്ടാനാണ് റെയില്‍വേ തീരുമാനം സ്റ്റേഷന്‍ നിലനിര്‍ത്താനാകാത്തവിധം നഷ്ടത്തിലാണെന്നാണ് റെയില്‍ വേ പറയുന്നത്.
സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതോടെ ദീര്‍ഘദൂര കണക്ഷന്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റുമൊന്നും ഇനി മങ്കരയില്‍ ലഭിക്കില്ല. അതേസമയം സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ മുന്‍കൈ യെടുത്ത് തുടങ്ങിയ ഭാരതപ്പുഴ റെയില്‍വെ സ്റ്റേഷന്‍ അടച്ചുപൂട്ടിയ അതേ മാതൃകയിലാണ് മങ്കര റെയില്‍വെ സ്റ്റേഷനും അടച്ചുപൂട്ടാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."