ഇ.എസ്.ഐ ആശുപത്രികളുടെ നിലവാരം പരിശോധിക്കാന്‍ പ്രത്യേക സംഘം: മന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികളുടെ നിലവാരം പരിശോധിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കണ്ണൂര്‍ മാസ്കോട്ട് ബീച്ച് റിസോര്‍ട്ടില്‍ കേരള ഗവണ്മെന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളും ഇ.എസ്.ഐ കോര്‍പറേഷന്റെ കീഴിലുള്ള ആശുപത്രികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കണം. ഒന്‍പത് ആശുപത്രികളും 143 ഡിസ്പെന്‍സറികളും ഇ.എസ്.ഐ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആശുപത്രികളുടെയെല്ലാം നിലവാരം പരിശോധിക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എക്സൈസ് ഓഫിസുകളിലും ലഹരി വിമുക്ത സെന്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍ ഹരികുമാര്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, ഡോ. ഷിബി ചിറക്കരോട്ട്, ഡോ. അജിത ആര് നായര്‍, ഡോ. വത്സല, ഡോ. കൃഷ്ണന്, ഡോ. വിജയന്, ഡോ. വി.പി രാജേഷ്, ഡോ. പ്രേമകുമാരി, ഡോ. എസ് രാധാകൃഷ്ണന്, ഡോ.എസ് ബിജിത്ത് സംസാരിച്ചു.
2015 ലെ മികച്ച ഡോക്ടര്‍മാരായി സംഘടന തെരഞ്ഞെടുത്ത ഡോ. ഷെര്‍ളി, ഡോ. ഷീല, യൂത്ത് സയന്റിസ്റ്റ് അവാര്‍ഡ് നേടിയ ഡോ. സ്മിത, ഐ.എ.എസ് റാങ്ക് ജേതാവ് ഡോ. രേണു ഭഗത് എന്നിവരെ മന്ത്രി ഉപഹാരം നല്കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."