കുളങ്ങള്‍ക്കു വേണ്ടി കുട്ടികള്‍ മുന്നിട്ടിറങ്ങി: സര്‍ക്കാര്‍ അനുവദിച്ചത് ഒന്നരക്കോടി
കൂത്തുപറമ്പ്: നാടും നഗരവും കൊടും വരള്‍ച്ചയിലേക്കു കടക്കവെ ജലക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി സ്‌കൂളിലെ പരിസ്ഥിതി കൂട്ടായ്മ. മാങ്ങാട്ടിടം പഞ്ചായത്തിലെ കുറുമ്പുക്കലിലെ 14 കുളങ്ങള്‍ നവീകരിച്ച് സംരക്ഷിക്കാനുള്ള നടപടികളുമായാണു കൂത്തുപറമ്പ് ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബ് മുന്നിട്ടിറങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് കൂത്തുപറമ്പ് ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ കൂത്തുപറമ്പ് ബ്ലോക്കിലെ കുളങ്ങളുടെ സര്‍വേ എടുക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കുളങ്ങള്‍ സ്ഥിതിചെയ്യുന്നതു കുറുമ്പുക്കല്‍ ഗ്രാമത്തിലാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചെറുതും വലുതുമായ നൂറോളം കുളങ്ങള്‍ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്കു നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നു കുളങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മണ്ണ്, ജല സംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം കുളങ്ങള്‍ സന്ദര്‍ശിച്ച് വിശദറിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയുമുണ്ടായി. തുടര്‍ന്ന് പ്രധാനപ്പെട്ട 14 കുളങ്ങള്‍ നവീകരിച്ചു സംരക്ഷിക്കാന്‍ 1,49,50,000 രൂപ അനുവദിക്കുകയും ചെയ്തു. സ്‌കൂള്‍ പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നീണ്ട മൂന്നുവര്‍ഷത്തെ പരിശ്രമമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.
വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനഫലമായി മാങ്ങാട്ടിടം പഞ്ചായത്തിനു ലഭിച്ച ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിനു പഞ്ചായത്ത് ഭരണസമിതി താല്‍പര്യപൂര്‍വം തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചുവരികയാണ്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം ജില്ലാ മണ്ണ്, ജല സംരക്ഷണ ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, ഓവര്‍സിയര്‍മാരായ അനില്‍കുമാര്‍, ഹരിദാസന്‍ എന്നിവര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും കുളങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."