ഇങ്ങനെ മതിയോ നമ്മുടെ റോഡുകള്‍?
വെണ്ണിയോട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട
ദുരിതയാത്രയ്ക്ക് പരിഹാരമാവുന്നു
വെണ്ണിയോട്: വെണ്ണിയോട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ദുരിതയാത്രക്ക് പരിഹാരമാവുന്നു. വര്‍ഷങ്ങളായി നിര്‍മാണം ഇഴഞ്ഞു നീങ്ങുന്ന റോഡില്‍ വെണ്ണിയോട് ടൗണില്‍ ടാറിങ് ആരംഭിച്ചു. ഇതോടെ ആശ്വാസത്തിലായിരിക്കുകയാണ് നാട്ടുകാര്‍. പ്രധാനമന്ത്രി ഗ്രാമസഡക് യോജനാ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗതാഗത യോഗ്യമായ പഴയ റോഡ് കുത്തിപ്പൊളിച്ച് അധികൃതര്‍ നാട്ടുകാരെ നടുവൊടിക്കാന്‍ തുടങ്ങിയത്. ജനങ്ങള്‍ വിവിധങ്ങളായ പ്രതിഷേധം നടത്തിയെങ്കിലും റോഡ് നിര്‍മാണം ഒച്ചിഴയും വേഗത്തിലായിരുന്നു. ഇതിനിടയില്‍ പലയിടത്തും പുതുതായി നിര്‍മിച്ച റോഡ് തകരുകയും ചെയ്തു. റോഡ് പ്രവൃത്തിയുടെ ഭാഗമായി വെണ്ണിയോട് ടൗണില്‍ നിര്‍മിക്കുന്ന കല്‍വര്‍ട്ടു കൊണ്ടും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. മാസങ്ങളായി ഇവിടെ ജോലി തുടങ്ങിയിട്ട്. എന്നാല്‍ ഇതും ഫലവത്തായിട്ടില്ല. ഏതായാലും ടാറിങ് പുനരാരംഭിച്ച സ്ഥിതിക്ക് നാട്ടുകാരുടെ നടുവൊടിക്കും യാത്രക്ക് ഏതാനും ദിവസങ്ങള്‍ക്കകം പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് വെണ്ണിയോടും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍.
പരിഹാരമാവാതെ തരുവണ-
പാലിയാണ-കക്കടവ് പാലം റോഡ്
മാനന്തവാടി: ഇടത്-വലത് കക്ഷികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ വര്‍ഷങ്ങളായി ഇടം പിടിക്കാറുള്ള തരുവണ-കക്കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹാരമില്ലാതെ തുടരുന്നു. പ്രബല രാഷ്ട്രീയ സംഘടനകളിലെ നേതൃനിരയിലുള്ളവര്‍ പോലും വാര്‍ഡ് മെമ്പര്‍മാരായി വന്ന പാലിയാണ വാര്‍ഡില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാന റോഡുകളിലൊന്നുമായ തരുവണ-പാലിയാണ കക്കടവ് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
തരുവണയില്‍ നിന്നും മൂന്നരകിലോ മീറ്റര്‍ ദൂരത്തില്‍ കക്കടവ് പാലം വരെ എത്തുന്ന റോഡ് പൂര്‍ണമായി തന്നെ തകര്‍ന്ന നിലയിലാണ്. മഴുവന്നൂര്‍ മുതല്‍ കുന്നുമ്മലങ്ങാടി വരെയുള്ള ഭാഗങ്ങള്‍ കാട് മൂടി കാല്‍നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വരുമ്പോള്‍ കയറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കുന്നുമ്മലങ്ങാടിയില്‍ നിന്നും കക്കടവ് വരെയുള്ള ഭാഗങ്ങളില്‍ റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരുമുന്നണികളും റോഡിന്റെ കാര്യത്തില്‍ പലവിധ വാഗ്ദാനങ്ങളും നല്‍കുമ്പോഴും റോഡ് ഗതാഗതയോഗ്യമാക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.
മീനങ്ങാടി-ചീരാംകുന്ന് -അമ്പലവയല്‍ റോഡിന്റെ ശനിദശ മാറുന്നില്ല
മീനങ്ങാടി: മീനങ്ങാടി-ചീരാംകുന്ന് -അമ്പലവയല്‍ റോഡിന്റെ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം പിന്നിടുമ്പോഴും പ്രവൃത്തി എങ്ങുമെത്തിയില്ല.
മൂന്ന് മീറ്റര്‍ ടാറിങ് ഉണ്ടായിരുന്ന റോഡിപ്പോള്‍ സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെ വീതി കൂട്ടി അഞ്ചര മീറ്റര്‍ ടാറിങ് പ്രവര്‍ത്തി തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തതയാല്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അറുപത്തിയഞ്ചു ലക്ഷം രൂപയാണ് നിലവിലെ പ്രവൃത്തികള്‍ക്കായി ഇതുവരെ ചിലവഴിച്ചത്. കുണ്ടും കുഴികളും നിറഞ്ഞ ഈ പാതയില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. റോഡിലൂടെ സര്‍വിസ് നടത്തുന്നത് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ വര്‍ധിക്കുകയാണെന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. റോഡിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവും, മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും ഉപയോഗപ്പെടുത്തി ഈ വര്‍ഷം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മുമ്പ് റോഡ് പ്രവൃത്തി തുടര്‍ന്ന് പോകുന്നതിനിടെ അശാസ്ത്രീയമായാണ് പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ നടുവൊടിക്കുന്ന റോഡിലൂടെയുള്ള യാത്രക്ക് അടുത്ത വര്‍ഷമെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ശാപമോക്ഷമില്ലാതെ മേപ്പാടി-സൂചിപ്പാറ റോഡ്
ചൂരല്‍മല: ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന സൂചിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള മേപ്പാടി-ചൂരല്‍മല റോഡിപ്പോഴും ശൈശവത്തിലാണ്. ദിനവുമെത്തുന്നത് വിദേശികള്‍ ഉള്‍പെടെ നൂറുകണക്കിന് സഞ്ചാരികള്‍. സീസണുകളില്‍ ഇത് പതിനായിരങ്ങളാകും. ഇരുഭാഗങ്ങളില്‍ നിന്നും രണ്ടു വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ അരികു നല്‍കാന്‍ ഡ്രൈവര്‍മാര്‍ പെടാപ്പാട് പെടണം.
റോഡില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കിയാല്‍ ചെറിയ വാഹനങ്ങളുടെ അടി തട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മേപ്പാടി മുതല്‍ ചൂരല്‍മല വരെയുള്ള റോഡ് വീതികൂട്ടണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപകട സാധ്യതയുള്ള ഏറെ വളവുകളുള്ള റോഡില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യതകളേറെയാണ്. പാര്‍ക്കിങ്ങിന് ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ സീസണുകളില്‍ സൂചിപ്പാറയിലേക്കെത്തുന്ന വാഹനങ്ങള്‍ മേപ്പാടി-ചൂരല്‍മല റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. റോഡിന് വീതികൂട്ടി ടാറിങ് നടത്താന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുകയെല്ലാതെ ഇതുവരെ സര്‍വേ, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സഞ്ചാരികളില്‍ നിന്ന് പാര്‍ക്കിങ്, ടിക്കറ്റ് ഇനത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുന്ന വനംവകുപ്പ് ഏലവയലില്‍ നിന്ന് കേന്ദ്രത്തിലേക്കുള്ള റോഡ് നന്നാക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ഇതുവരെ തയാറായിട്ടില്ല. വരുമാനം വനം വകുപ്പിനായതിനാല്‍ പഞ്ചായത്തും ഇക്കാര്യത്തില്‍ പിന്നോട്ടടിക്കുകയാണ്. നിലവിലുള്ള റോഡ് കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ കഴിയുന്നതാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും നൂറുക്കണക്കിന് വാഹനങ്ങളുമെത്തുന്ന പാതയുടെ വികസനത്തിന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നന്നാകണമെങ്കില്‍ പഞ്ചായത്തുകള്‍ കനിയണം
പനമരം: രണ്ടു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍ റോഡ് നന്നാകണമെങ്കില്‍ ഇരു പഞ്ചായത്തുകളും കനിയണം. എന്നാല്‍ സമരങ്ങളേറെ നടത്തിയിട്ടും ഫലമില്ലാതായതോടെ റോഡ് നന്നാകുമ്പോള്‍ നന്നാകട്ടെ എന്ന മട്ടിലായി ജനങ്ങളും.
പനമരം ടൗണിനെ കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍ പ്രദേശവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാപമോക്ഷമില്ലാതെ കിടക്കുന്നത്. പനമരം കെ.എസ്.ഇ.ബിക്ക് മുന്നിലൂടെയുള്ള റോഡാണ് മാടോച്ചാല്‍, മേച്ചേരി, പടിഞ്ഞാറെ വീട് കൂടോത്തുമ്മല്‍ വഴി ചീക്കല്ലൂര്‍ എത്തുന്നത്. ഇതില്‍ മേച്ചേരിയാണ് കണിയാമ്പറ്റ പഞ്ചായത്തിന്റെ അതിര്‍ത്തി. പനമരം പഞ്ചായത്ത് വര്‍ഷാവര്‍ഷം റോഡ് അറ്റകുറ്റപ്പണിക്കായി വന്‍തുക ചെലവഴിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഡ്രൈനേജ് സംവിധാനങ്ങളില്ലാത്തതിനാല്‍ മഴക്കാലം കഴിയുന്നതോടെ റോഡ് തകര്‍ന്ന് പഴയ രീതിയില്‍ തന്നെയാകും. കണിയാമ്പറ്റ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ നിര്‍മാണത്തിന് പഞ്ചായത്ത് ഫണ്ട് വകയിരുത്താത്തതാണ് പ്രധാനപ്രശ്‌നം.
ഏറെ കര്‍ഷകരുള്ള പ്രദേശത്ത് നിന്ന് കാര്‍ഷിക വിളകള്‍ ടൗണിലെത്തിക്കാനും പ്രയാസങ്ങള്‍ ഏറെയാണ്. വിദ്യാര്‍ഥികള്‍ നാലര കിലോമീറ്റര്‍ സഞ്ചരിച്ചാണ് പനമരത്തും വരദൂര്‍ ജങ്ഷനിലുമെത്തുന്നത്. നാലു വര്‍ഷം മുമ്പ് വരെ പനമരം-കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-വരദുര്‍ വഴി സുല്‍ത്താന്‍ ബത്തേരിയിലേക്ക് രണ്ടു സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍ റോഡ് പൂര്‍ണമായും തകര്‍ന്നതോടെ സര്‍വിസുകള്‍ നിര്‍ത്തുകയായിരുന്നു. നിലവില്‍ ഏറെ ക്ലേശിച്ചാണ് പ്രദേശത്തെ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതെന്ന് നാട്ടുകാരനായ ബോമ്മരി രാഘവന്‍ പറഞ്ഞു. ഇരു പഞ്ചായത്തുകളും സംയുക്തമായി റോഡ് പ്രവൃത്തിക്ക് മുന്നിട്ടിറങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദുരിതയാത്ര തീര്‍ത്ത് ഓടപ്പള്ളം-വള്ളുവാടി റോഡ്
സുല്‍ത്താന്‍ ബത്തേരി: വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമായി മാറിയിരിക്കുകയാണ് ഓടപ്പള്ളംകവല-വള്ളുവാടി റോഡ്. വര്‍ഷങ്ങളായി നവീകരിക്കാതെ കിടക്കുന്ന ഈ റോഡ് രണ്ട് കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.
കവല മുതല്‍ ഓടപ്പള്ളം സ്‌കൂള്‍ വരെയുള്ള ഭാഗമാണ് കാല്‍നട യാത്രപോലും സാധ്യമാകാത്ത തരത്തില്‍ തകര്‍ന്നു കിടക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ പൊടികാരണവും മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നതും റോഡിനു ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെയാണ് ദുരിതം തീര്‍ക്കുന്നത്. ടാറിങ്ങും മെറ്റലും ഇളകിമാറി വന്‍ഗര്‍ത്തങ്ങള്‍ രൂപപെട്ട റോഡിലൂടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറിയവാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിഥിയാണ്. നിലവില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. വടക്കനാട്-വള്ളുവാടി എന്നീ വനാന്തരഗ്രാമങ്ങളിലെ കര്‍ഷക ജനതയ്ക്ക് ബത്തേരി ടൗണില്‍ എത്തുന്നതിനുള്ള ഏകമാര്‍ഗം കൂടിയാണിത്. അതേസമയം റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന്നായി പി.ഡബ്ല്യു.ഡി 15ലക്ഷം രൂപയും നഗരസഭ 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കി ടാറിങ് നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടിയില്ല
പാറക്കല്‍: പറളിക്കുന്ന്-പാറക്കല്‍ റോഡിലൂടെയുള്ള ഗതാഗതം നടുവൊടിക്കും. അഞ്ചുവര്‍ഷം മുമ്പാണ് പ്രധാനമന്ത്രി ഗ്രാമസഡക് യോജനാ പദ്ധതിയിലുള്‍പ്പെടുത്തി ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍ കമ്പനി റോഡ് പ്രവര്‍ത്തി ഏറ്റെടുത്തത്. തുടര്‍ന്ന് കമ്പളക്കാട് മുതല്‍ പാറക്കല്‍ വരെ ഉണ്ടായിരുന്ന പഴയ റോഡ് കുത്തിപ്പൊളിച്ച് പുതിയ റോഡ് നിര്‍മാണം തുടങ്ങി. ഇതുതന്നെ വര്‍ഷങ്ങളെടത്താണ് പൂര്‍ത്തീകരിച്ചത്. റോഡ് പ്രവൃത്തി കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്ന് തുടങ്ങി. കമ്പളക്കാട് കെല്‍ട്രോണ്‍ വളവ് ജങ്ഷന്‍ മുതല്‍ പാറക്കല്‍ വരെ റോഡിന്റെ ഭൂരിഭാഗവും തകര്‍ന്നു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. അറ്റകുറ്റപണി നടത്താമെന്ന വ്യവസ്ഥയില്‍ കരാറുകാരന്‍ എത്തിയെങ്കിലും യാതൊരു പ്രവര്‍ത്തിയും നടത്തിയില്ല. ഇതോടെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ യു.ഡി.എഫിന് കീഴിലെ റോഡ് വികസന സമിതിയോഗം തീരുമാനിച്ചു. ഇതോടെ ഉണര്‍ന്ന് പ്ര്വര്‍ത്തിച്ച ജനപ്രതിനിധികള്‍ കെല്‍ട്രോണ്‍ വളവ് മുതല്‍ പറളിക്കുന്ന് ചര്‍ച്ച് വരെയുള്ള ഭാഗം ടാര്‍ ചെയ്തു. എന്നാല്‍ ബാക്കിയുള്ള അഞ്ച് കിലോമീറ്ററോളം റോഡ് ഇപ്പോഴും തകര്‍ന്ന് കിടക്കുകയാണ്. ഇത് എന്ന് പ്രവൃത്തി ആരംഭിക്കുമെന്ന അറിയാതെ ഉഴലുകയാണ് പ്രദേശവാസികള്‍. ചെലഞ്ഞിച്ചാലില്‍ നിന്ന് കൊളവയലിലേക്കുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്.
റോഡില്‍ ടാര്‍ ഉള്ള ഒരുഭാഗം പോലും ഇല്ല. ഈ റോഡും ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ മുറവിളി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."