മാലിന്യസംസ്‌ക്കരണം അവതാളത്തില്‍
കാഞ്ഞിരപ്പള്ളി: ജൈവമാലിന്യ സംസ്‌കരണ സംവിധാനം നിലച്ചതോടെ നഗരത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. സംസ്‌കരണത്തിനായി ടൗണ്‍ഹാള്‍ വളപ്പില്‍ സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു. പ്ലാന്റിന്റെ നിര്‍മാണത്തെ ചൊല്ലി മുമ്പ് ഏറെ വിവാദമുയര്‍ന്നിരുന്നു.
ഒന്നര ടണ്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ ശേഷിയുള്ള ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ എടുത്തത് അഞ്ചു വര്‍ഷത്തിലേറെയാണ്. എന്നാല്‍ ഇപ്പോള്‍ 100 കിലോ ഗ്രാം മാലിന്യങ്ങള്‍ പോലും സംസ്‌ക്കരിക്കാന്‍ കഴിയാതെ പ്രവര്‍ത്തനം നിലച്ചു. 2008ലാണു ടൗണ്‍ ഹാള്‍ പരിസരത്ത് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2009ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് അറിയിച്ചിരുന്ന പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2012 മാര്‍ച്ചില്‍. പിന്നീട് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വേണ്ടി വന്നത് ആറ് മാസം. 2013 സെപ്റ്റംബറില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല.
നിര്‍മാണം പൂര്‍ത്തിയാക്കിയ പ്ലാന്‍ിന്റെ പ്രവര്‍ത്തനം ഉദ്ഘാടനത്തെ ചൊല്ലി വീണ്ടും വൈകി.ഒടുവില്‍ 2013 ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിച്ചു.എന്നാല്‍ ദിവസം 1500 കിലോ ഗ്രാം ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാമെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയില്‍ ദിവസം 150 കിലോ ഗ്രാം പോലും സംസ്‌കരിക്കാന്‍ കഴിയാതെ വന്നു.പ്ലാന്റിനുള്ളിലെ യന്ത്രത്തിന്റെ ശേഷിക്കുറവും സംസ്‌കരണസംവിധാനത്തിലെ അപര്യാപ്തതയുമാണ് ഇതിനു കാരണം.
പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ അടക്കമുള്ള ജൈവമാലിന്യങ്ങള്‍ പോലും ചെറിയ തുണ്ടുകളാക്കി മുറിച്ചിട്ടാല്‍ മാത്രമേ ഇവ സംസ്‌കരിക്കാന്‍ കഴിയുമായിരുന്നുള്ളു.
യന്ത്രത്തിന്റെ പലഭാഗങ്ങളും ദ്രവിച്ചു തുടങ്ങി. ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിപ്പിച്ച ശേഷം പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. ടൗണിലെ മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും കുപ്പികളും നാരുകള്‍ കൂടുതലുള്ള അവിശിഷ്ടങ്ങളും വേര്‍തിരിച്ച് മാറ്റിയ ശേഷം ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസും, ജൈവവളവും ഉല്‍പാദിപ്പിക്കാനായി ലക്ഷ്യമിട്ട പദ്ധതിയാണ് ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടും ഇഴഞ്ഞും നീങ്ങിയതോടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകി. ചെറിയ തോതിലും കാലക്രമേണ പ്ലാന്റിന്റെ ശേഷിക്കനുസരിച്ചുമുള്ള മാലിന്യ സംസ്‌കരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.മാലിന്യ നിര്‍മാര്‍ജനത്തിനു സംവിധാനമില്ലാത്ത പഞ്ചായത്തില്‍ അടുത്ത കാലത്തു വരെ മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത് ടൗണ്‍ ഹാള്‍ മുറ്റത്തായിരുന്നു.
തുടര്‍ന്നാണ് ഇതിനോടടുത്ത് ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചതും. എന്നാല്‍ മാലിന്യ നിക്ഷേപം രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മനുഷ്യാ വാകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് നാസര്‍ കിണറ്റുകരയുടെ ഇടപെടലിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ടൗണ്‍ഹാള്‍ വളപ്പിലെ മാലിന്യ നിക്ഷേപം കര്‍ശനമായി തടഞ്ഞു.
മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാതായതോടെ ചിറ്റാര്‍പുഴയില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."