ആഡംബരവിവാഹം വിവാദമായി; പ്രമുഖ നേതാക്കള്‍ വിട്ടുനിന്നു
ി സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെയും വിവാഹ ചടങ്ങില്‍ നിന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനിന്നു.
ഇന്നലെ രാവിലെ വെണ്‍പാലവട്ടം ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വിരലിലെണ്ണാവുന്ന രാഷ്ട്രീയ നേതാക്കളും മാത്രമാണു പങ്കെടുത്തത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, എ.കെ ആന്റണി തുടങ്ങിയവര്‍ക്കു ക്ഷണമുണ്ടായിരുന്നിട്ടും ഇവരൊന്നും ചടങ്ങിനെത്തിയില്ല.
വൈകുന്നേരം ഏഴിന് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന വിവാഹ സത്ക്കാരം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും ബഹിഷ്‌ക്കരിച്ചു. സംസ്ഥാനത്തെഎല്ലാ വി.വി.ഐ.പികള്‍ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും ഒട്ടുമിക്കവരും ചടങ്ങില്‍ പങ്കെടുത്തില്ല.
കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍, മുന്‍ ഗവര്‍ണര്‍മാരായ എം.എം ജേക്കബ്, വക്കം പുരുഷോത്തമന്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി മുന്‍ എം.പി പീതാംബരക്കുറുപ്പ് എന്നിവര്‍ മാത്രമാണെത്തിയത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, തമിഴ്‌നാട് മന്ത്രി ഉദുമലൈ കെ രാധാകൃഷ്ണന്‍, മേഘാലയ മുന്‍ഗവര്‍ണര്‍ എം.ജെ ജോസഫ്, സി.പി.എം നേതാവ് എം വിജയകുമാര്‍, എം.എല്‍.എമാരായ സി ദിവാകരന്‍, മുകേഷ്്, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകരന്‍, ജിജി തോംസണ്‍, ഗോകുലം ഗോപാലന്‍, സിനിമാ പ്രവര്‍ത്തകരായ ചിപ്പി, സോനാ നായര്‍, ജി വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു.
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണു അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശും തമ്മിലുള്ള ആഡംബര വിവാഹം വിവാദമായത്.
അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങുകള്‍. കറന്‍സിയില്ലാതെ ആളുകള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ വിവാഹത്തിനായി കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെതിരേ സമൂഹമാധ്യമത്തിലുള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വിവാഹത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബിജു രമേശിന്റെ മകനും യു.ഡി.എഫ് മന്ത്രിസഭയിലെ അംഗമായിരുന്ന അടൂര്‍ പ്രകാശിന്റെ മകളും തമ്മിലുള്ള വിവാഹ ബന്ധവും രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇവരുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."